തിരുവനന്തപുരം: ലോകായുക്‌തക്കെതിരെ ആരോപണവുമായി വീണ്ടും കെടി ജലീല്‍ എംഎല്‍എ രംഗത്ത്. അഭയ കേസിലെ പ്രതിയെ രക്ഷപ്പെടുത്താന്‍ ജസ്‌റ്റിസ് സിറിയക് ജോസഫ് ഇടപെട്ടുവെന്ന് കെടി ജലീല്‍ ആരോപിച്ചു. വാര്‍ത്ത സമ്മേളനത്തിലാണ് ജലീൽ സിറിയക് ജോസഫിനെതിരെ ആരോപണം ഉന്നയിച്ചത്.
അഭയ കേസിലെ ഒന്നാംപ്രതിയും ബന്ധുവുമായ തോമസ് കോട്ടൂരിനു വേണ്ടിയാണ് ജസ്‌റ്റിസ് സിറിയക് ജോസഫ് ഇടപെട്ടതെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളെ നാര്‍കോ അനാലിസിസ് നടത്തിയ വീഡിയോ ജസ്‌റ്റിസ് സിറിയക് ജോസഫ് കണ്ടു. ബെംഗളൂരുവിലെ സ്‌ഥാപനത്തില്‍ പോയാണ് വീഡിയോ കണ്ടത്. ഇതിന് തെളിവുണ്ട്. നീതി ബോധമുണ്ടെങ്കില്‍ ജസ്‌റ്റിസ് രാജിവെക്കണമെന്നും ജലീല്‍ പ്രതികരിച്ചു.
സിറിയക് ജോസഫ് മൗനം വെടിയണമെന്നും മൗനം കൊണ്ട് ഓട്ടയടക്കാന്‍ കഴിയില്ലെന്നും ജലീല്‍ പറഞ്ഞു. ‘ഒന്നുകില്‍ രാജിവെക്കുക, അല്ലെങ്കില്‍ തനിക്കെതിരെയടക്കം നിയമ നടപടിക്ക് സിറിയക് ജോസഫ് തയാറാവണം,’ ജലീൽ പറഞ്ഞു.
സിറിയക് ജോസഫിനെതിരെ നേരത്തേയും ജലീല്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. മൂന്നരവര്‍ഷം സുപ്രീം കോടതിയില്‍ ഇരുന്നിട്ട് ആറ് കേസില്‍ മാത്രം വിധി പറഞ്ഞയാള്‍ തനിക്കെതിരായ കേസില്‍ 12 ദിവസം കൊണ്ട് വിധി പറഞ്ഞെനന്നായിരുന്നു ജലീലിന്റെ ആരോപണം. എത്തേണ്ടത് മുന്‍കൂറായി എത്തിയത് കൊണ്ടാണ് ഇത്തരത്തില്‍ വേഗത്തില്‍ വിധി വന്നതെന്നും ജലീല്‍ പറഞ്ഞിരുന്നു.
Most Read: ക്രഷർ തട്ടിപ്പ്; പിവി അൻവറിന് തിരിച്ചടി, പുനരന്വേഷണത്തിന് ഉത്തരവ്