റിയാദ് : സൗദിയിൽ വീണ്ടും കോവിഡ് വ്യാപനം ഉയരുന്നു. 300ന് മുകളിലാണ് ഇപ്പോൾ സൗദിയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. 100ൽ താഴേക്ക് കുറഞ്ഞ കണക്കുകളാണ് ഇപ്പോൾ വീണ്ടും ഉയർന്ന രാജ്യത്ത് ആശങ്ക സൃഷ്‌ടിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 306 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,68,945 ആയി ഉയർന്നു. അതേസമയം തന്നെ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നത് രാജ്യത്ത് ആശ്വാസം പകരുന്ന കാര്യമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 3 പേരാണ് രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 6,386 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 290 ആളുകൾ കൂടി രോഗമുക്‌തരായിട്ടുണ്ട്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗമുക്‌തരായ ആളുകളുടെ എണ്ണം 3,60,400 ആയി ഉയർന്നെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
നിലവിൽ രാജ്യത്ത് ചികിൽസയിൽ തുടരുന്ന ആളുകളുടെ എണ്ണം 2,159 ആയി കുറഞ്ഞിട്ടുണ്ട്. ഇവരിൽ 379 ആളുകളാണ് ഇപ്പോൾ ഗുരുതരാവസ്‌ഥയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിൽസയിൽ കഴിയുന്നത്. 97.7 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. കൂടാതെ കോവിഡ് മരണനിരക്ക് 1.7 ശതമാനമായും തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ റിയാദിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്. 124 പേർക്കാണ് ഇവിടെ കഴിഞ്ഞ ദിവസം മാത്രം രോഗബാധ ഉണ്ടായത്.
Read also : യുഎഇയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 3,977 രോഗബാധിതർ