അബുദാബി : യുഎഇയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 3,977 കോവിഡ് കേസുകളാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന 12 പേർ കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ഉയർച്ചക്കൊപ്പം തന്നെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണത്തിലും ഉയർച്ച ഉണ്ടാകുന്നുണ്ട്.
അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തരായവരുടെ എണ്ണം 4000ന് മുകളിലെത്തി. 4,075 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളുടെ എണ്ണം 3,13,626 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 2,89,276 ആളുകൾ ഇതുവരെ രോഗമുക്‌തരായതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
കഴിഞ്ഞ 24 മണിക്കൂറിൽ 12 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 878 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 24,070 ആളുകളാണ് നിലവിൽ കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസം രാജ്യത്ത് നടത്തിയ 1,73,952 പരിശോധനകൾ ഉൾപ്പടെ രാജ്യത്ത് ഇതുവരെ 2.62 കോടിയിലധികം കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്നും യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.
Read also : തൊഴിൽ മേഖലയിലെ കാര്യക്ഷമതക്ക് തൊഴിലാളി ശ്രേഷ്‌ഠ പുരസ്‌കാരം; ടിപി രാമകൃഷ്‌ണൻ