ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിൽ വിദ്യാർഥി നേതാക്കൾക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡെൽഹി പോലീസ് സുപ്രീം കോടതിയിൽ. ജാമ്യം ഉടൻ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോലീസ് നൽകിയ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിദ്യാർഥി നേതാക്കളെ ജാമ്യത്തിൽ വിടുന്നത് സംഘർഷങ്ങൾക്ക് വഴിവെക്കുമെന്നാണ് പോലീസിന്റെ വാദം.
പൗരത്വ ബില്ലിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌ത ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥിനികളായ നതാഷ നർവാൽ, ദേവാംഗന കലിത, ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കാണ് ഇന്നലെ ഡെൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ‘പ്രതിഷേധിക്കുക എന്നത് ഭീകരവാദമല്ല’ എന്ന ശക്‌തമായ പരാമർശത്തോടെ ആയിരുന്നു കോടതി ഉത്തരവ്.
ഇന്നലെ രാത്രിയോടെയാണ് ഇവർ തിഹാർ ജയിൽ നിന്ന് മോചിതരായത്. ചൊവ്വാഴ്‌ച ജാമ്യം നൽകിയിട്ടും പോലീസ് ഇവരെ മോചിപ്പിക്കാൻ തയ്യാറാവാതെ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് ഇവർക്ക് പുറത്തിറങ്ങാനായത്.
കഴിഞ്ഞ വർഷം ഡെൽഹിയിലുണ്ടായ കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. കലാപത്തിന് ഗൂഢാലോചന നടത്തി, പ്രകോപനപരമായി പ്രസംഗിച്ചു, ആളെ കൂട്ടി തുടങ്ങിയ കുറ്റങ്ങൾക്കാണ് വിവിധ വിദ്യാർഥി നേതാക്കളെ അറസ്‌റ്റ് ചെയ്‌തത്.
Also Read: അംബാനിക്ക് ബോംബ് ഭീഷണി; മുംബൈ പോലീസ് ‘എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്‌റ്റ്’ അറസ്‌റ്റിൽ