ഇന്ത്യയിൽ ഡെങ്കു വൈറസ് രൂപാന്തരം പ്രാപിച്ചു കൂടുതൽ മാരകമാകുന്നു; റിപ്പോർട്

ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. എല്ലാവർഷവും ഇന്ത്യയിൽ ആയിരക്കണക്കിന് പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും, നൂറുകണക്കിന് പേർ ഇതുമൂലം മരണപ്പെടുകയും ചെയ്യുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.

By Trainee Reporter, Malabar News
Dengue Fever
Rep. Image
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യയിൽ ഡെങ്കിപ്പനി പരത്തുന്ന വൈറസ് രൂപാന്തരം പ്രാപിച്ചു കൂടുതൽ മാരകമാകുന്നതായി റിപ്പോർട്. ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്‌. എല്ലാവർഷവും ഇന്ത്യയിൽ ആയിരക്കണക്കിന് പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും, നൂറുകണക്കിന് പേർ ഇതുമൂലം മരണപ്പെടുകയും ചെയ്യുന്നുവെന്നാണ് പഠനത്തിൽ പറയുന്നത്.

ഈഡിസ് ജനുസിലെ, ഈജിപ്‌തി, ആൽബോപിക്‌ട്‌സ് എന്നീ പെൺ കൊതുകളിൽ നിന്നാണ് ഡെങ്കിപ്പനി പകരുന്നത്. കഴിഞ്ഞ ആറ് ദശാബ്‌ദകാലമായി ഡെങ്കിപ്പനി പരത്തുന്ന വൈറസ് രൂപാന്തരം പ്രാപിച്ചു കൊണ്ടിരിക്കുകയാണെന്നും, കൂടുതൽ മാരകമാകുന്നതായും പഠനത്തിൽ വ്യക്‌തമാക്കുന്നു. ഗവേഷണ സംഘം നടത്തിയ കംപ്യൂട്ടേഷണൽ വിലയിരുത്തലിലാണ് കഴിഞ്ഞ 50 വർഷങ്ങളിൽ വൈറസ് കൂടുതൽ ശക്‌തി പ്രാപിച്ചതായി കണ്ടെത്തിയത്.

ദക്ഷിണ, കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണം ഇക്കാലയളവിൽ ക്രമാതീതമായി വർധിച്ചുവെന്ന് ഗവേഷണം സംഘം നടത്തിയ പഠനത്തിൽ പറയുന്നു. ഇന്ത്യയിലെ സാഹചര്യം പരിശോധിച്ചാൽ 2002ൽ നിന്ന് 2018ൽ എത്തുമ്പോൾ ഡെങ്കിപ്പനി കേസുകളുടെ എണ്ണം 25 മടങ്ങ് വർധിച്ചതായി ഗവേഷകർ പറയുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ്, തെക്ക്, മധ്യം എന്നിങ്ങനെ ഇന്ത്യയിലെ എല്ലാ മേഖലകളിലും ഡെങ്കിപ്പനി കേസുകളുടെയും മരണങ്ങളുടെയും എണ്ണം വർധിച്ചിട്ടുണ്ട്.

പ്‌ളസ് പാത്തൊജൻസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, 2000 മുതൽ നാല് തരത്തിൽപ്പെട്ട ഡെങ്കി വൈറസുകളാണ് ഇന്ത്യയിൽ വ്യാപകമായി പടർന്നതെന്ന് വ്യക്‌തമാക്കുന്നു. ഇന്ത്യൻ ഡെങ്കിപ്പനി വൈറസ് വകഭേദങ്ങളുടെ 408 ജനിതക സീക്വൻസുകൾ ഗവേഷകർ പഠനത്തിന്റെ ഭാഗമായി വിലയിരുത്തി. സങ്കീർണമായ തോതിൽ വൈറസിന്റെ ഘടന മാറിയിരിക്കുന്നതായി ഇതിൽ നിന്ന് ഗവേഷകർ നിരീക്ഷിച്ചു.

2012 വരെ ഡെങ്കി1, ഡെങ്കി2 വകഭേദങ്ങൾ മാത്രമായിരുന്നു ഇന്ത്യയിൽ കാണപ്പെട്ടിരുന്നതെങ്കിൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഈ സ്‌ഥിതി മാറി. ഇപ്പോൾ ഡെങ്കി2 വകഭേദം വ്യാപകമായി പടരുന്നുണ്ട്. മാത്രമല്ല, ഡെങ്കി4 വകഭേദവും അതിന്റേതായ വ്യാപന ഇടങ്ങൾ സൃഷ്‌ടിച്ചെടുത്തിട്ടുണ്ട്. ഒരു രോഗിക്ക് ഡെങ്കിപ്പനിയുടെ രണ്ടു വകഭേദങ്ങൾ ഒരുമിച്ചു പിടിപെട്ടാൽ രോഗലക്ഷണങ്ങൾ കടുത്തതായിരിക്കുമെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു.

അതിനാൽ, ഡെങ്കി വൈറസിനെതിരെ അടിയന്തിരമായി വാക്‌സിൻ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും പഠനം അടിവരയിടുന്നു. വൈറസിന് സംഭവിച്ച മാറ്റങ്ങളുടെ അടിസ്‌ഥാനത്തിൽ ഡെങ്കിപ്പനിക്കെതിരെ ഒരു വാക്‌സിൻ അനിവാര്യമാക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നിർമിച്ച ഡെങ്കി വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിലാണ്.

Most Read: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റ്; സമ്മാനത്തുകയിൽ വർധനവ് പ്രഖ്യാപിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE