ഇടുക്കി: എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ കീഴടങ്ങിയ കെഎസ്‌യു പ്രവർത്തകരുടെ അറസ്‌റ്റ് ഇന്നുണ്ടായേക്കും. കെഎസ്‌യു ബ്ളോക്ക് പ്രസിഡണ്ട് ടോണി തേക്കിലക്കാടൻ, കെഎസ്‌യു ഇടുക്കി ജില്ലാ സെക്രട്ടറി ജിതിൻ ഉപ്പുമാക്കൽ എന്നിവരാണ് ഇന്നലെ കുളമാവ് സ്‌റ്റേഷനിൽ കീഴടങ്ങിയത്.
നിലവിൽ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. അവശേഷിക്കുന്ന പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. പീരുമേട് സബ് ജയിലിൽ റിമാൻഡില്‍ കഴിയുന്ന നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവരെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ പോലീസ് സമർപ്പിച്ച അപേക്ഷ നാളെ കോടതി പരിഗണിക്കും. പത്ത് ദിവസത്തേക്ക് വിട്ടുകിട്ടണമെന്നാണ് പോലീസിന്റെ ആവശ്യം. കൊല നടത്താൻ ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്‌ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് പ്രതികളെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ തിങ്കളാഴ്‌ചയാണ് ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് കുത്തേറ്റുമരിച്ചത്. കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു.
Read also: ഫ്രാങ്കോ മുളക്കലിന് എതിരായ പീഡനക്കേസ്; വിധി ഇന്ന്