തിരുവനന്തപുരം : ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും സോളാര്‍ കേസില്‍ തനിക്ക് നീതി കിട്ടിയില്ലെന്ന ആരോപണവുമായി പത്തനംതിട്ട ജില്ലയിലെ വ്യവസായി ബാബുരാജന്‍. സോളാര്‍ തട്ടിപ്പില്‍ 19 ലക്ഷം രൂപയാണ് ബാബുരാജിന് നഷ്‌ടമായത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യാജ ലെറ്റര്‍ പാഡ് ഉപയോഗിച്ചാണ് ബാബുരാജനെ ബിജു രാധാകൃഷ്‌ണനും സരിതയും ചേര്‍ന്ന് തട്ടിപ്പിന് ഇരയാക്കിയത്.
പത്രത്തില്‍ കണ്ട പരസ്യത്തിലൂടെയാണ് സോളാര്‍ സ്‌ഥാപിക്കുന്നതിനായി ബാബുരാജന്‍ ഇവരുമായി ബന്ധപ്പെടുന്നത്. 96000 രൂപക്ക് സോളാര്‍ പാനല്‍ സ്‌ഥാപിച്ചു നല്‍കുമെന്ന വാഗ്‌ദാനത്തില്‍, എത്രയും പെട്ടെന്ന് തന്നെ പാനല്‍ സ്‌ഥാപിക്കുമെന്ന ഉറപ്പിന്‍മേല്‍ സരിതയുമായി കരാര്‍ ഒപ്പിട്ടു. എന്നാല്‍ പിന്നീട് നാല് ദിവസത്തിന് ശേഷം നാദാപുരം ഡിവൈഎസ്‍പി ആണെന്ന പേരില്‍ ബിജു രാധാകൃഷ്‌ണനെ സരിത പരിചയപ്പെടുത്തുകയും കമ്പനിയില്‍ ഷെയര്‍ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വ്യാജ ലെറ്റര്‍ പാഡ് സഹിതമാണ് അവര്‍ സമീപിച്ചത്. അങ്ങനെയാണ് കമ്പനിയില്‍ പണം നിക്ഷേപിച്ചത്. പിന്നീടാണ് താന്‍ തട്ടിപ്പിന് ഇരയായി എന്ന് ബാബുരാജന്‍ തിരിച്ചറിയുന്നത്. പിന്നീട് അവര്‍ക്കെതിരെയുള്ള നിയമ പോരാട്ടം ആയിരുന്നു.
ബാബുരാജന്റെ പരാതിയില്‍ പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ബിജു രാധാകൃഷ്‌ണനെയും സരിതയെയും ശിക്ഷിച്ചെങ്കിലും ഇരുവരും ഹൈക്കോടതിയില്‍ അപ്പീലിന് പോയി. സോളാര്‍ കേസ് കത്തിനിന്ന സമയത്ത് അധികാരത്തില്‍ വന്നതാണ് ഇടത് സര്‍ക്കാര്‍. സോളാര്‍ കേസില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് അന്ന് അവര്‍ പറഞ്ഞിരുന്നു. പക്ഷേ ഇതുവരെയും യാതൊരു വിധ ഫലവും ഉണ്ടായിട്ടില്ലന്ന് ബാബുരാജന്‍ പറയുന്നു.
Read also : ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ കൊള്ളയടിച്ചു; മെഹ്ബൂബ മുഫ്‌തി