തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ ഭരണ കെടുതികൾ ജനങ്ങൾ നിരന്തരമായി അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ രണ്ടു വർഷ കാലത്തേ ഭരണവും, അതിനു മുമ്പുള്ള അഞ്ചു വർഷത്തെ ഭരണവും കൊണ്ട് സർക്കാർ ജനങ്ങളെ കൊള്ളയടിച്ചു. ഇത്രമാത്രം ജനങ്ങളെ ദ്രോഹിച്ച സർക്കാർ സംസ്‌ഥാനത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്നും വിഡി സതീശൻ വിമർശിച്ചു.
യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് വളയൽ സമരം ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു പ്രതിപക്ഷ നേതാവ്. മഹാപ്രളയവും മഹാമാരിക്കും ശേഷം ജീവിക്കാൻ നിവൃത്തിയില്ലാത്ത സാധാരണക്കാരുടെ തലയിലേക്ക് നികുതി ഭാരം അടിച്ചേൽപ്പിച്ചു, നികുതിക്കൊള്ള നടത്തി, നികുതി ഭീകരത കേരളത്തിൽ നടപ്പിലാക്കുന്ന ഇന്ത്യയിലെ ഒന്നാമത്തെ സംസ്‌ഥാനം പിണറായി ഭരിക്കുന്ന കേരള സർക്കാരാണെന്നും അത് പറയാൻ തനിക്ക് ദുഃഖമുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
സർക്കാരിന് എതിരെയുള്ള കുറ്റപത്രം ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കും. നികുതി ഭീകരതയാണ് സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കെട്ടിടനികുതി വലിയ രീതിയിൽ വർധിപ്പിച്ചു. വൈദ്യുതി ചാർജ് വീണ്ടും വർധിപ്പിക്കാൻ പോകുന്നു. നികുതി വർധനയുടെ ഒരു വർഷം 4000 രൂപയാണ് സാധാരണ കുടുംബത്തിന് അധിക ബാധ്യത വരുന്നത്. വെള്ളക്കരം വലിയതോതിൽ കൂട്ടി. കെട്ടിട നിർമാണ ഫീസ് 30 രൂപയിൽ നിന്ന് 1000 രൂപയാക്കി. സർക്കാരിന്റെ നികുതിക്കൊള്ള ഇങ്ങനെ തുടരുകയാണെന്നും സതീശൻ വിമർശിച്ചു.
എൽഡിഎഫ് സർക്കാരിന്റെ അഴിമതിയുടെ ഞെട്ടിക്കുന്ന കഥകൾ ഇനിയും പുറത്തുവരും. സർക്കാരിനെ ജനകീയ കോടതിയിൽ വിചാരണ നടത്തും. സർക്കാരിനെതിരെയുള്ള വമ്പിച്ച സമരത്തിന്റെ തുടക്കമാണിത്. വർഗീയ ഫാസിസത്തിനെതിരെ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിക്കുള്ള പിന്തുണയാണ് ഈ സമരം. ഒരു വർഗീയ പാർട്ടികളുടെ കൂടെയും യുഡിഎഫ് പോകില്ലെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
Most Read: കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ ഇന്ന് അധികാരമേൽക്കും