തിരുവനന്തപുരം: വിദേശത്തേക്ക് നിയമവിരുദ്ധമായി ഡോളർ കടത്തിയ സംഭവത്തിൽ കൂടുതൽ ഉന്നത വ്യക്‌തികൾക്ക് പങ്കുണ്ടന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. കേസുമായി ബന്ധപ്പെട്ട് കസ്‌റ്റംസിന് നൽകിയ മൊഴിയിലാണ് സ്വപ്‌ന വെളിപ്പെടുത്തൽ നടത്തിയത്.
കസ്‌റ്റംസ് മുദ്രവെച്ച കവറിൽ മൊഴി കോടതിക്ക് കൈമാറി. ഗൗരവകരമായ വിഷയങ്ങളാണ് മൊഴിയിൽ ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. ശിവശങ്കറിന്റെ കസ്‌റ്റഡി ആവശ്യത്തിൽ നാളെ കോടതി വിധി പറയും. അഞ്ച് ദിവസമായി കസ്‌റ്റംസിന്റെ കസ്‌റ്റഡിയിലുള്ള സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ മൊഴികളാണ് മുദ്രവെച്ച കവറിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിക്ക് കൈമാറിയത്.
ഈ മൊഴികൾ പരിശോധിച്ച ശേഷമാണ് കോടതി ആശങ്ക അറിയിച്ചത്. പല ഉന്നതരുടെയും പേരുകൾ മൊഴിയിൽ ഉണ്ടെന്നും, ചിലർക്ക് പങ്കുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് കോടതി പറഞ്ഞു.
രണ്ട് പ്രതികളുടെയും കസ്‌റ്റഡി നീട്ടണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. മൂന്ന് ദിവസത്തേക്ക് കൂടിയാണ് കസ്‌റ്റഡി നീട്ടിയത്. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കൂടി കസ്‌റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ കോടതി നാളെ വിധി പറയും.
Read Also: സോളാറിൽ ഇനിയും ചിലത് പുറത്തു വരാനുണ്ട്; ഉമ്മൻ ചാണ്ടി