തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഇനിയും ചിലത് പുറത്തു വരാനുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. വേട്ടയാടപ്പെട്ടപ്പോഴും നാളെ എല്ലാം പുറത്തു വരുമെന്ന ആത്‌മവിശ്വാസം ഉണ്ടായിരുന്നു. തെറ്റ് ചെയ്‌തില്ലെങ്കിൽ ദോഷം ഉണ്ടാവില്ലെന്ന വിശ്വാസം ഉണ്ട്. ഇനിയും ചിലത് പുറത്തു വരാനുണ്ട്. അതും ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആരെയും വേദനിപ്പിക്കാൻ ആഗ്രഹം ഇല്ലാത്തതിനാലാണ് ബിജു രാധാകൃഷ്‌ണൻ തന്നോട് പറഞ്ഞ രഹസ്യം പുറത്തു പറയാത്തത്. ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിൽ അന്വേഷണം വേണോയെന്ന കാര്യത്തിൽ കോൺഗ്രസിൽ ആശയക്കുഴപ്പം ഇല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്‌ഡിനെ കുറിച്ചും ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വിജിലൻസ് വകുപ്പിന്റെ മന്ത്രി താനായിരുന്നെങ്കിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെക്കൂടി അറിയിച്ച ശേഷമേ വിജിലൻസ് റെയ്‌ഡ് നടത്തൂ. അതാണ് തന്റെ ശൈലി. മറ്റുള്ളവരുടെ പ്രവർത്തന ശൈലി അങ്ങനെ ആയിരിക്കണമെന്നില്ല. കെഎസ്എഫ്ഇ നല്ല പൊതുമേഖലാ സ്‌ഥാപനമാണ്. റെയ്‌ഡിന് പിന്നിൽ സിപിഎമ്മിനകത്തെ ആഭ്യന്തര പ്രശ്‌നമാണോ എന്നത് അവരാണ് ചർച്ച ചെയ്യേണ്ടതെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
Also Read: കെഎസ്എഫ്ഇയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ പീലിപ്പോസ് തോമസ്