തിരുവനന്തപുരം: വിജിലൻസ് റെയ്‌ഡിലെ കണ്ടെത്തലുകൾ വിവാദമായതോടെ വിശദീകരണവുമായി ചെയർമാൻ പീലിപ്പോസ് തോമസ് രംഗത്ത്. കെഎസ്എഫ്ഇയിൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചിട്ടിയെക്കുറിച്ച് മനസിലാക്കാതെയാണ് വിജിലൻസ് പരിശോധന നടത്തിയതെന്ന് അദ്ദേഹം വ്യക്‌തമാക്കി. ഗുരുതര ക്രമക്കേടുകൾ ഒരു ബ്രാഞ്ചിലും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പത്ത് ശതമാനത്തില്‍ കൂടുതല്‍ ടിക്കറ്റുകളുള്ള ഏതെങ്കിലും വരിക്കാറുണ്ടോ എന്ന ചോദ്യമാണ് വിജിലന്‍സ് എല്ലാ ബ്രാഞ്ചുകളിലും ചോദിച്ചത്. ഒരു ബ്രാഞ്ചിലും അങ്ങനൊന്ന് കണ്ടെത്തിയിട്ടില്ല. മടങ്ങുന്ന ചെക്കില്‍ പലിശ ശേഖരിച്ചിട്ടുണ്ടോ എന്നതായിരുന്നു മറ്റൊരു ചോദ്യം. ചെക്ക് മടങ്ങുന്നതിന് ബാങ്കിന്റെ വക ചാർജുണ്ട്. അത് ഈടാക്കിയോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. ബാങ്ക് ചാർജും പലിശയും വാങ്ങിയതിന്റെ കോപ്പി ചില ബ്രാഞ്ചുകളില്‍ നിന്ന് വിജിലന്‍സ് എടുത്തിട്ടുണ്ട്’ പീലിപ്പോസ് തോമസ് പറയുന്നു.
എറണാകുളം, ശാസ്‌തമംഗലം ബ്രാഞ്ചുകളിൽ ഏറെ നേരം പരിശോധന നടത്തിയിട്ടും ഒന്നും ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ദൈനംദിന ഇടപാടുകളിലെ നിസ്സാര പ്രശ്‌നങ്ങൾ, രജിസ്‌റ്ററുകളിലെ പിഴവുകൾ എന്നിവയല്ലാതെ ഗൗരവകരമായ ഒരു വീഴ്‌ചയും കണ്ടെത്താന്‍ തങ്ങളുടെ ഇന്റേണല്‍ ഓഡിറ്റ് ടീമിനും കഴിഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Read Also: ഇബ്രാഹിം കുഞ്ഞിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി; റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും