പാലക്കാട്: കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസിനെ സ്‌ഥലം മാറ്റി. തിരുനങ്ങാടി ആശുപത്രിയിലെ സൂപ്രണ്ടായാണ് സ്‌ഥലം മാറ്റം. ആരോഗ്യ മന്ത്രിക്കെതിരായ പരാമര്‍ശത്തിന് പിന്നാലെയാണ് ഡോക്‌ടർക്കെതിരെ നടപടി ഉണ്ടായത്. മുഹമ്മദ് അബ്‌ദുൽ റഹ്‌മാനാണ് പുതിയ സൂപ്രണ്ട് ആയി ചുമതലയേൽക്കുക.
ആരോഗ്യ മന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനത്തില്‍ കടുത്ത വിയോജിപ്പുമായി കോട്ടത്തറ ആശുപത്രി സൂപ്രണ്ട് രംഗത്തെത്തിയിരുന്നു. തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തിയെന്നും ഇല്ലാത്ത മീറ്റിങ്ങിന്റെ പേരിലാണ് തന്നെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചതെന്നും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരാണ് ഇതിന് പിന്നിലെന്നും ഡോ. പ്രഭുദാസ് പറഞ്ഞിരുന്നു.
തന്റെ ഭാഗം കേള്‍ക്കാതെ തന്നെ അഴിമതിക്കാരനാക്കാനാണ് നീക്കം. തന്നെ മാറ്റിനിര്‍ത്തിയാലും കോട്ടത്തറ ആശുപത്രി വികസിപ്പിക്കുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നും പ്രഭുദാസ് വ്യക്‌തമാക്കി. ഇത്രയും കാലം ഇത്തരം അവഗണനയും മാറ്റിനിര്‍ത്തലും നേരിട്ടാണ് താന്‍ വന്നത്. കോട്ടത്തറയില്‍ ജീവനക്കാരുടെ കുറവടക്കം നിരവധി വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങൾ താൻ വിശദീകരിക്കേണ്ടതാണ്.
തന്റെ കൈയ്യില്‍ എല്ലാ രേഖകളുമുണ്ടെന്നും അതിനാല്‍ ഭയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിയുടെ സന്ദര്‍ശനത്തില്‍ ഒപ്പം നടന്നവരാണ് കൈക്കൂലി ആവശ്യപ്പെട്ടതെന്നും തന്റെ കാലത്ത് കൈക്കൂലി അനുവദിക്കില്ലെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും വിജിലന്‍സ് അന്വേഷിക്കണം എന്നാണ് തന്റെ നിലപാടെന്നും ഡോ. പ്രഭുദാസ് വ്യക്‌തമാക്കിയിരുന്നു.
National News: ഒമൈക്രോൺ വകഭേദം; സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം