പച്ചക്കറികൾ കഴിക്കുന്നത് ഏത് സീസണിലും ആരോഗ്യത്തിന് വളരെ നല്ലതാണ്. മനുഷ്യ പോഷകാഹാരത്തിൽ പച്ചക്കറികൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും പ്രധാന ഉറവിടങ്ങളാണ് പച്ചക്കറികൾ. അർബുദം, പക്ഷാഘാതം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവക്ക് പച്ചക്കറികൾ ഏറെ ഫലപ്രദമാണ്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് ഇതിന് കാരണം.
ശരീരത്തിന് ആവശ്യമായ ഊർജവും ഉൻമേഷവും രോഗപ്രതിരോധ ശേഷിയും ലഭിക്കാൻ പച്ചക്കറി ജ്യൂസുകളും കുടിക്കുന്നത് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യനിസ്‌റ്റുകൾ പറയുന്നത്. പച്ചക്കറി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
1. പച്ചക്കറി ജ്യൂസുകൾ കുടിക്കുന്നത് നിർജലീകരണം തടയാൻ സഹായിക്കും. ഇവ ശരീരത്തിലെ ജലത്തിന്റെ അളവ് ക്രമീകരിക്കുകയും ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ദിവസം മുഴുവൻ ഉൻമേഷത്തോടെ ഇരിക്കാൻ പച്ചക്കറി ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
2. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും പച്ചക്കറി ജ്യൂസുകൾ സഹായിക്കും. ക്യാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയിൽ ധാരാളമായി വിറ്റാമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം ശരീരത്തിലെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായകമാണ്.
3. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നവയാണ് പച്ചക്കറികൾ. ഇത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.
4. വണ്ണം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് പച്ചക്കറി ജ്യൂസുകൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ദഹനം കൃത്യമായി നടക്കുന്നതിലൂടെ ശരീരഭാരം ക്രമീകരിക്കാൻ ഇവ സഹായിക്കും.
5. വരണ്ട ചർമം ഉള്ളവർ പച്ചക്കറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ലതാണ്. രക്‌തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യപ്രദമായ, തിളങ്ങുന്ന ചർമം സമ്മാനിക്കുന്നതിനും പച്ചക്കറി ജ്യൂസ് സഹായിക്കും.
6. ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികൾ. അതിനാൽ വിളർച്ച ഒഴിവാക്കാൻ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. കാൽസ്യവും മഗ്‌നീഷ്യവും ധാരാളം അടങ്ങിയ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
Most Read: ഇപിക്കെതിരായ അന്വേഷണം വിഷയം പഠിച്ച ശേഷം; നടപടി ഇപ്പോൾ ഇല്ല