തിരുവനന്തപുരം: സംസ്‌ഥാനത്ത് മദ്യപിച്ചു വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ സംസ്‌ഥാന വ്യാപകമായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 3,764 കേസുകൾ രജിസ്‌റ്റർ ചെയ്‌തതായാണ് റിപ്പോർട്. 1911 പേരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാനും 894 പേരുടെ ഡ്രൈവിങ് ലൈസൻസ് കണ്ടുകെട്ടാനും നടപടി സ്വീകരിച്ചു.
ട്രാഫിക് വിഭാഗം ഐജി എ അക്ബറിന്റെ നിർദ്ദേശ പ്രകാരം ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് ഈ മാസം ആറുമുതൽ 12 വരെ സംസ്‌ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത് തൃശൂർ ജില്ലയിലാണ്. 538 കേസുകളാണ് തൃശൂരിൽ രജിസ്‌റ്റർ ചെയ്‌തത്.
കൊച്ചി സിറ്റിയിൽ 342 കേസുകളും ആലപ്പുഴയിൽ 304 കേസുകളും രജിസ്‌റ്റർ ചെയ്‌തു. തിരുവനന്തപുരം സിറ്റിയിലാണ് ഏറ്റവും കുറവ് കേസുകൾ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. ഏഴ് കേസുകൾ മാത്രമാണിവിടെ കണ്ടെത്തിയത്. അതേസമയം, മദ്യപിച്ചു വാഹനം ഓടിക്കുന്നത് കുറ്റകരമാണെന്നും, വാഹനാപകടങ്ങൾ കുറയ്‌ക്കുന്നതിനായി ഇത്തരം പരിശോധനകൾ എല്ലാ ജില്ലകളിലും തുടരുമെന്നും ട്രാഫിക് ഐജി അറിയിച്ചു.
Most Read: സംസ്‌ഥാനത്ത് വിഐപി സുരക്ഷക്ക് പ്രത്യേക തസ്‌തിക; ജയദേവ് ഐപിഎസിന് ചുമതല