തിരുവനന്തപുരം: സംസ്‌ഥാനത്ത് വിഐപി സുരക്ഷയ്‌ക്കായി പ്രത്യേക തസ്‌തിക രൂപീകരിച്ചു. എഐജി തസ്‌തികയ്‌ക്ക് തുല്യമായ എക്‌സ് കേഡർ തസ്‌തികയാണ് സൃഷ്‌ടിച്ചത്. പോലീസ് ആസ്‌ഥാനത്തെ ആംഡ് പോലീസ് ബറ്റാലിയൻ കമാൻഡന്റ് ജയദേവ് ഐപിഎസിനെയാണ് വിഐപി സുരക്ഷയ്‌ക്കുള്ള ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത്.
അതേസയം, നിലവിലുള്ള ചുമതലകളിലും അദ്ദേഹം തുടരും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ പ്രതിപക്ഷ പ്രതിഷേധങ്ങൾ ശക്‌തമായിരിക്കുന്ന സാഹചര്യത്തിലാണ് വിഐപി സുരക്ഷ ഏകോപിപ്പിക്കാനായി പ്രത്യേക തസ്‌തിക സൃഷ്‌ടിച്ചത്. ഇന്റലിജൻസ് എഡിജിപിയുടെ കീഴിലാണ് പുതിയ തസ്‌തിക.
സിവിൽ സപ്ളൈസ് കോർപറേഷൻ എംഡി സഞ്‌ജീവ് കുമാർ പട്ജോഷിയെ കോസ്‌റ്റൽ പോലീസ് എഡിജിപിയായി നിയമിച്ചു. പുരാവസ്‌തു തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലുമായി ബന്ധം പുലർത്തിയതിന് സസ്‌പെൻഡ് ചെയ്‌ത ശേഷം തിരിച്ചെടുത്ത ഐജി ഗോഗുലത്ത് ലക്ഷ്‌മണനെ ട്രെയിനിങ് ഐജിയായും നിയമിച്ചു.
അതിനിടെ, മുഖ്യമന്ത്രിക്ക് നേരെ ഇന്നും പ്രതിഷേധം നടന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായി. കറുത്ത വസ്‌ത്രം അണിഞ്ഞെത്തിയ പ്രവർത്തകർ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
Most Read: കേരള സാങ്കേതിക സർവകലാശാല വിസി നിയമനം; സുപ്രീം കോടതിയെ സമീപിക്കുമെന്ന് രാജ്ഭവൻ