ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്റെ മകൻ രണീന്ദർ സിങ്ങിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അന്വേഷണം. ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റ് (ഫോറക്‌സ്) ഇടപാടിലെ ലംഘനവും നികുതിരഹിത വിദേശ ആസ്‌തികളുമായി ബന്ധപ്പെട്ടുമാണ് അന്വേഷണം നടക്കുന്നത്. ആസ്‌തികൾ സ്വിറ്റ്സർലാൻഡിലേക്ക് മാറ്റിയെന്നും നികുതിയിൽ അട്ടിമറി നടത്താൻ ബ്രിട്ടീഷ് ഐലൻഡ്‌സിൽ ട്രസ്‌റ്റ് രൂപീകരിച്ചതായും ഇ.ഡി ഉദ്യോഗസ്‌ഥർ കണ്ടെത്തി.
Also Read: ഐ എല്‍ ഒ അധ്യക്ഷസ്‌ഥാനം ഇന്ത്യക്ക്; അവസരം 35 വര്‍ഷത്തിന് ശേഷം
ചോദ്യം ചെയ്യുന്നതിനായി രണീന്ദർ സിങ്ങിനോട് ചൊവ്വാഴ്‌ച ഹാജരാകാൻ ആവശ്യപ്പെട്ടതായി ഇ.ഡി ഉദ്യോഗസ്‌ഥർ അറിയിച്ചു. ജലന്ധറിലെ ഇ.ഡി ഓഫീസിലാണ് ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക ബില്ലുകൾക്ക് പകരം മറ്റൊരു നിയമം കോൺഗ്രസ് ഭൂരിപക്ഷമുള്ള പഞ്ചാബ് നിയമസഭ പാസാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മകനെതിരേ ഇ.ഡി അന്വേഷണം ഊർജിതമാക്കുന്നത്.