ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ റാലിക്കിടെ ഉണ്ടായ സംഘർഷത്തിൽ അറസ്‌റ്റിലായ കർഷകർക്ക് ധനസഹായം പ്രഖ്യാപിച്ച് പഞ്ചാബ് സർക്കാർ. അറസ്‌റ്റിലായ 83 കർഷകർക്കാണ് പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപ വീതമാണ് ധനസഹായം.
പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചന്നിയാണ് ട്വിറ്ററിൽ കൂടി സഹായ പ്രഖ്യാപനം നടത്തിയത്. പഞ്ചാബ് സർക്കാർ കർഷകർക്കൊപ്പമാണ്. ദുരിതമനുഭവിക്കുന്ന കർഷകരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിന് വേണ്ടിയിട്ടാണ് ഇതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.
റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ റാലി സംഘർഷത്തിൽ കലാശിച്ചിരുന്നു. ചെങ്കോട്ടയില്‍ ഉണ്ടായ സംഘർഷത്തിന്റെ പേരിൽ 83 കർഷകരാണ് അറസ്‌റ്റിലായത്. ഇവർക്കെതിരെ ഡെൽഹി പോലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു. ഈ കർഷകർക്കാണ് ഇപ്പോൾ പഞ്ചാബ് സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം പഞ്ചാബ് സർക്കാരിന്റെ തീരുമാനത്തിൽ ഡൽഹി പോലീസ് സേനയ്‌ക്കുള്ളില്‍ കടുത്ത അമർഷമാണുള്ളത്. ചെങ്കോട്ടയില്‍ ഉണ്ടായ സംഘർഷത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേറ്റിരുന്നു. ഇവരെ ഇകഴ്‌ത്തിക്കാണിക്കുന്ന നീക്കമാണ് പഞ്ചാബ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. പഞ്ചാബ് സർക്കാരിന്റെ നിലപാട് കുറ്റവാളികളെ സഹായിക്കുന്ന നപടിയാണെന്നും പോലീസ് വൃത്തങ്ങൾ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിലാണ് ഇപ്പോൾ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് കടന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Read Also: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു