അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി രാഷ്‌ട്രീയ ലോകം; ആശങ്കയറിയിച്ച് കോൺഗ്രസ്

അരുൺ ഗോയലിന്റെ രാജി രാഷ്‌ട്രപതി സ്വീകരിച്ചിരുന്നു. മൂന്നംഗ കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. മറ്റൊരു കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു.

By Trainee Reporter, Malabar News
Election Commissioner Arun Goel
അരുൺ ഗോയൽ
Ajwa Travels

ന്യൂഡെൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി രാഷ്‌ട്രീയ ലോകം. വ്യക്‌തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അരുൺ ഗോയൽ രാജിക്കത്തിൽ വ്യക്‌തമാക്കിയിരിക്കുന്നത്.

എന്നാൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായ രാജീവ് കുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നടപടിയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. സംഭവത്തിൽ ആശങ്കയറിയിച്ച് കോൺഗ്രസ് രംഗത്തെത്തി. സ്വതന്ത്ര സ്‌ഥാപനങ്ങളിൽ അമിതനിയന്ത്രണം ഏർപ്പെടുത്തുന്നത് സ്വേച്ഛാധിപത്യത്തിലേക്ക് ജനാധിപത്യം വഴിമാറുന്നതിന് കാരണമാകുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് നീതിപൂർവം നടക്കുമോയെന്ന ചോദ്യം ഉയരുന്നതായും കോൺഗ്രസ് വ്യക്‌തമാക്കി.

അതിനിടെ, ബിജെപി ടിക്കറ്റിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനാണോ രാജിവെച്ചതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. മോദി സർക്കാരുമായുള്ള ഭിന്നതയാണോ അതോ കമ്മീഷനിലെ പ്രശ്‌നങ്ങളാണോയെന്നും ജയറാം രമേശ് ചോദിച്ചു. ഇനി ഇതൊന്നുമല്ലെങ്കിൽ വ്യക്‌തിപരമായ കാരണമാണോയെന്നും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ മറുപടി നൽകണമെന്നും ജയറാം രമേശ് വ്യക്‌തമാക്കി.

‘തിരഞ്ഞെടുപ്പ് കമ്മീഷനോ അതോ തിരഞ്ഞെടുപ്പ് ഒമിഷനോ (ഉപേക്ഷിക്കുന്നതോ) ? കുറച്ചു ദിവസങ്ങൾക്കുള്ളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ ഇന്ത്യയിൽ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് കമീഷണർ മാത്രമേയുള്ളൂ. എന്തുകൊണ്ട്? ഞാൻ നേരത്തെ പറഞ്ഞതുപോലെ, നമ്മുടെ സ്വതന്ത്ര്യ സ്‌ഥാപനങ്ങളുടെ ആസൂത്രിതമായ നാശം തടഞ്ഞില്ലെങ്കിൽ നമ്മുടെ ജനാധിപത്യം സ്വേച്ഛാധിപത്യം കവർന്നെടുക്കും’- കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എക്‌സിൽ കുറിച്ചു.

അരുൺ ഗോയലിന്റെ രാജി രാഷ്‌ട്രപതി സ്വീകരിച്ചിരുന്നു. മൂന്നംഗ കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ മാത്രമാണ് ശേഷിക്കുന്നത്. മറ്റൊരു കമ്മീഷണർ അനൂപ് ചന്ദ്ര പാണ്ഡെ കഴിഞ്ഞമാസം വിരമിച്ചിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര, റെയിൽവേ മന്ത്രാലയങ്ങളുമായി രാജീവ് കുമാറും അരുൺ ഗോയലും തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്‌തിരുന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗം നാളെ നടത്താൻ നിശ്‌ചയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി 12ന് പൊഖ്‌റാനിൽ സൈനിക ശക്‌തിപ്രകടനം കാണാൻ പോകും. അന്നേ ദിവസം കമ്മീഷൻ കശ്‌മീർ സന്ദർശിക്കാനും ആലോജിച്ചിരുന്നു. അതിനടുത്ത ദിവസം തന്നെ തിരഞ്ഞെടുപ്പ് സമയക്രമം പ്രഖ്യാപിക്കുമെന്നായിരുന്നു സൂചന. അതിനിടെയാണ് ഗോയലിന്റെ രാജി. 1985 ബാച്ച് പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥനായിരുന്ന ഗോയൽ, 2022 നവംബർ 21നാണ് തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE