നിയമനം കുടുംബശ്രീക്ക്; യുവനേതാക്കള്‍ പോരിലേക്ക്

By Desk Reporter, Malabar News
Unemployment in kerala
Representational Image
Ajwa Travels

മലപ്പുറം: വൈദ്യുതി ബോര്‍ഡിലെ മുഴുവന്‍ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങളും കുടുംബശ്രീക്ക് വിടാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷത്തുള്ള യുവ നേതാക്കള്‍ കാഹളം മുഴക്കിത്തുടങ്ങി. വൈദ്യുതി ബോര്‍ഡില്‍ ഒഴിവുള്ള താഴേത്തട്ടിലെ തസ്തികകളിലേക്ക് കുടുംബ ശ്രീയില്‍നിന്ന് ആളെയെടുക്കാന്‍ ഡയറക്ടര്‍ബോര്‍ഡ് രണ്ടു ദിവസം മുന്‍പ് അനുമതി നല്‍കിയിരുന്നു. വൈദ്യുതി ബോര്‍ഡ് ആസ്ഥാനത്തു തന്നെയാണ് ആദ്യം ഇത് നടപ്പാക്കുക. ബോര്‍ഡ് ആസ്ഥാനമായ വൈദ്യുതിഭവനില്‍ 78 ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളുണ്ട്. ഈ ഒഴിവുകളിലേക്ക് കുടുംബശ്രീയില്‍ നിന്ന് നിയമനം നടത്താനാണ് വൈദ്യുതി ബോര്‍ഡ് സെക്രട്ടറിയുടെ ഉത്തരവ്. സ്ഥിരം ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്കു മാറ്റി ഓരോ സെക്ഷനും പൂര്‍ണമായി കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് തീരുമാനം.

ദേശീയ യുവജന സംഘടനയും ഇടത് സഹയാത്രികരുമായ എഐവൈഎഫ് (All India Youth Federation) ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ കുടുംബശ്രീക്ക് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള, പി.എസ്.സിയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന നീക്കങ്ങളാണിത്. പി എസ് സി യില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന യുവജനങ്ങളോടുള്ള വെല്ലുവിളിയാണീ നടപടി. സംസ്ഥാന പ്രസിഡണ്ട് ആര്‍ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും സംയുക്തമായി ഒപ്പു വെച്ച വാര്‍ത്താ കുറിപ്പിലായിരുന്നു ആവശ്യം.

Siddiq Panthavoor _ Malabar News
സിദ്ധിഖ് പന്താവൂര്‍-

നിയമന മേഖലയിലെ ഭരഘടനാ സ്ഥാപനമായ പി എസ് സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെയും നോക്കു കുത്തികളാക്കി നടത്തുന്ന നിയമനങ്ങള്‍ ചോദ്യം ചെയ്യപ്പെടണം. കുടുംബശ്രീ എന്ന പ്രസ്ഥാനം ഒരു ജനകീയ സ്ത്രീ ശാക്തീകരണ പ്രസ്ഥാനമാണ്. അതിനെ പിന്‍വാതില്‍ നിയമനം നല്‍കാനുളള പാലമായി ഉപയോഗിക്കരുത്. അത് ഭരണഘടനയെ വെല്ലുവിളിക്കലാണ്. അനധികൃത നിയമനങ്ങളും പിന്‍ വാതില്‍ നിയമനങ്ങളും വ്യപകമായി നടക്കുന്നുണ്ട്. ഇത് വ്യക്തമായ സ്വജനപക്ഷപാതമാണ്. ഒരു ഭാഗത്ത് അഴിമതിക്കെതിരെ പ്രസംഗിക്കുകയും മറുഭാഗത്ത് അടിത്തട്ട് മുതല്‍ മന്ത്രിസഭക്കുള്ളില്‍ വരെ അഴിമതി നടത്തുകയും ചെയ്യുന്ന ഇടത് പക്ഷത്തിന്റെ ഈ കാപട്യം ഇപ്പോള്‍ ജനങ്ങള്‍ക്കറിയാം. അത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ബോര്‍ഡിലെ അറ്റന്‍ഡര്‍ മുതല്‍ മീറ്റര്‍ റീഡര്‍ വരെയുള്ള വിവിധ തസ്തികകളിലാണ് കുടുംബശ്രീ വഴി ആയിരത്തിലധികം പാര്‍ട്ടി പ്രവര്‍ത്തകരെ തിരുകിക്കയറ്റാനുള്ള ശ്രമം. ഇത് അനുവദിക്കില്ല. കോവിഡ് കാരണം പ്രതിപക്ഷ യുവജന സംഘടനകള്‍ തെരുവിലിറങ്ങി പ്രതിരോധം തീര്‍ക്കില്ല എന്നറിഞ്ഞു കൊണ്ട് നടത്തുന്ന ഇത്തരം അനീതികളെ വേണ്ടി വന്നാല്‍ തെരുവിലിറങ്ങി തന്നെ പ്രതിരോധിക്കും. അത് എല്‍ഡിഎഫ് മറക്കണ്ട; മലബാറില്‍ നിന്നുള്ള യുവ നേതാവും യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സിദ്ധിഖ് പന്താവൂര്‍ മലബാര്‍ ന്യൂസിനോട് വ്യക്തമാക്കി.

ചെറുതെങ്കിലും ജീവിക്കാനുള്ള ഒരു ജോലിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനങ്ങളിലും പി എസ് സിയിലും മറ്റും ജോലിക്ക് അപേക്ഷിച്ച് കാത്തിരിക്കുന്ന അഭ്യസ്തവിദ്യരായ 37 ലക്ഷത്തോളം യുവ സമൂഹത്തെ അവഹേളിക്കുകയും അവരുടെ ഏകോപനമില്ലായ്മയെ ചൂഷണം ചെയ്യുന്നതുമാണ് കുടുംബശ്രീയെ നിയമനം ഏല്‍പ്പിക്കുന്നതിലൂടെ ചെയ്യുന്നത്. കുടുംബശ്രീ എന്ത് അടിസ്ഥാനത്തിലാണ് നിയമനം നടത്തുക? പിന്നെ എന്തിനാണ് നമുക്ക് പി എസ് സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമൊക്കെ? സിദ്ധിഖ് ചോദിക്കുന്നു. അവസരം കാത്തിരിക്കുന്ന അഭ്യസ്ഥ വിദ്യരായ ഉദ്യോഗാര്‍ത്ഥികളോട് ഭരണകൂടം കാണിക്കുന്ന ദാര്‍ഷ്ട്യവും കൊടിയ വഞ്ചനയുമാണ് ഈ നീക്കമെന്നും സിദ്ധിഖ് കൂട്ടിച്ചേര്‍ത്തു.

കെപിസിസി മെമ്പറും യുവജന നേതാവുമായ അഡ്വ.ശിവരാമന്‍ മലബാര്‍ ന്യൂസിനോട് പറയുന്നത്; കുടുംബശ്രീയെ ഇടനിലക്കാരാക്കി പാര്‍ട്ടിക്കാരെ തിരുകിക്കയറ്റാനുള്ള നടപടിയാണെന്ന് ‘അരിയാഹാരം കഴിക്കുന്ന’ ആര്‍ക്കും മനസ്സിലാകും. ഇതിലും നല്ലത്, എല്‍ഡി ക്ളാര്‍ക്ക് പരീക്ഷ പോലുള്ള സംവിധാനങ്ങളും പി എസ് സിയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമൊക്കെ അടച്ചു പൂട്ടി നിയമനം പാര്‍ട്ടി ഓഫീസിലേക്ക് മാറ്റുന്നതായിരിക്കും.

Adv Shivaraman_Malabar News
അഡ്വ.ശിവരാമന്‍ (കെപിസിസി മെമ്പര്‍)

മസ്ദൂര്‍, ലൈന്‍മാന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ഹെല്‍പ്പര്‍മാര്‍, ഓവര്‍സിയര്‍, മീറ്റര്‍ റീഡര്‍ എന്നിങ്ങനെയുള്ള തസ്തികകളിലാണ് കോവിഡ് മറവില്‍ ആളെ തിരുകിക്കയറ്റാനുള്ള ശ്രമം. ഈ നിയമനത്തിന് സിപിഎം പ്രാദേശിക ഘടകങ്ങള്‍ പട്ടിക തയ്യാറാക്കി തുടങ്ങിയിട്ടുണ്ട്. ഈ പട്ടികയില്‍ പെട്ടവരെ കുടുംബശ്രീ വഴി നിയമിക്കുക എന്നതാണ് തന്ത്രം. കുടുംബശ്രീ ആകുമ്പോള്‍ ആരും മിണ്ടില്ലല്ലോ. കാരണം അത് നാട്ടിലെ സ്ത്രീ ശാക്തീകരണ സംഘടനയാണല്ലോ. ഈ വിഷയത്തില്‍ സര്‍ക്കാരിന് എതിരെ മിണ്ടിയാല്‍, അത് കുടുംബശ്രീക്ക് എതിരെയാണ് എന്ന രീതിയിലേക്ക് വളച്ചൊടിച്ച് പ്രതിപക്ഷ ശബ്ദം അടിച്ചമര്‍ത്താനുള്ള ആ കുതന്ത്രം സമൂഹത്തിന് മനസ്സിലാകും. അഭ്യസ്തവിദ്യരായ യുവ സമൂഹത്തിനും മനസ്സിലാകും. എനിക്കിപ്പോള്‍ തോന്നുന്നത്; ലാസ്റ്റ് ഗ്രേഡ് തസ്ഥികകളിലേക്ക് പി.എസ്.സി വഴി ഇനി നിയമനമേ ഉണ്ടാകില്ലെന്നാണ്, ശിവരാമന്‍ കൂട്ടിച്ചേര്‍ത്തു.

കുടുംബശ്രീയിലൂടെ സിപിഎം പ്രവര്‍ത്തകരെ വൈദ്യുതി ബോര്‍ഡില്‍ തിരുകിക്കയറ്റാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷ നേതാക്കള്‍ക്ക് മനസ്സിലായിട്ടുണ്ട്. അത് കൊണ്ട് തന്നെ, ചട്ടം ലംഘിച്ചു കൊണ്ടുള്ള ഈ നിയമന സംവിധാനത്തിന് എതിരെ വരും ദിവസങ്ങളില്‍ പ്രതിപക്ഷ ശബ്ദം കനക്കുമെന്നാണ് ശിവരാമന്‍ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE