കൊല്ലം: കാറും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിങ് വിദ്യാർഥികൾ മരിച്ചു. കൊല്ലം- ചെങ്കോട്ട ദേശീയപാതയിലാണ് സംഭവം. കുണ്ടറ കേരളപുരം മണ്ഡപം ജങ്ഷനിൽ വസന്ത നിലയത്തിൽ വിജയൻറെ മകൻ ബിഎൻ ഗോവിന്ദ് (20), കാസർഗോഡ് കാഞ്ഞങ്ങാട് ചൈതന്യയിൽ അജയകുമാറിന്റെ മകൾ ചൈതന്യ (20) എന്നിവരാണ് മരിച്ചത്. അമിത വേഗത്തിൽ എത്തിയ കാർ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.
തിരുവനന്തപുരത്തെ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥികളാണ് ഇവർ. തെൻമല ഭാഗത്തേക്ക് വിനോദ സഞ്ചാരത്തിനായി കൂട്ടുകാരുമായാണ് ഇരുവരും എത്തിയത്. അഞ്ച് ബൈക്കുകളിലായാണ് ഗോവിന്ദും ചെതന്യയും അടങ്ങുന്ന സംഘം എത്തിയത്. വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ കുന്നിക്കോട് ചേത്തടി ഭാഗത്ത് വെച്ച് ചെങ്ങമനാട് ഭാഗത്ത് നിന്നും അമിതവേഗതയിൽ എത്തിയ മാരുതി എർട്ടിഗയും ഗോവിന്ദിന്റെ ബുള്ളറ്റും കൂടി കൂട്ടിയിടിക്കുകയായിരുന്നു.
ഗോവിന്ദിന് സംഭവസ്‌ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ചൈതന്യയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പത്തനാപുരം പനംപറ്റ സ്വദേശിയാണ് കാറുടമ. കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ കുന്നിക്കോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: കോവിഡ് വ്യാപനം; കേരള യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമായി ലക്ഷദ്വീപ്