ലണ്ടൻ: ഏപ്രിൽ മാസത്തിൽ ബ്രിട്ടനിലെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണത്തിൽ കുറവുണ്ടാകാൻ സാധ്യത. ഇന്ത്യയിൽ നിന്ന് ദശലക്ഷക്കണക്കിന് കോവീഷീൽഡ് വാക്‌സിനുകൾ കയറ്റുമതി ചെയ്യുന്നതിലെ കാലതാമസവും അധിക ഡോസുകളുടെ സ്‌ഥിരത പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും കാരണം വിതരണം മന്ദഗതിയിൽ ആയേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മാർച്ച് 29 മുതൽ വാക്‌സിൻ വിതരണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെടുമെന്ന് ആരോഗ്യ വിദഗ്‌ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒരാഴ്‌ച മുൻപ് തയാറാക്കിയ പദ്ധതി അനുസരിച്ചുള്ള വാക്‌സിൻ വിതരണം നടപ്പാക്കുന്നത് അസാധ്യമാകുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറയുന്നത്.
ഇന്ത്യയിലെ സെറം ഇൻസ്‌റ്റിറ്റൃൂട്ടിൽ നിന്നുള്ള വാക്‌സിൻ കയറ്റുമതി കുറയുന്നതും യുകെയിലെ ഒരു ബാച്ച് വാക്‌സിന്റെ പുനഃപരീക്ഷണം വൈകുന്നതുമാണ് വിതരണത്തെ ബാധിച്ചിരിക്കുന്നതെന്ന് ബോറിസ് ജോൺസൺ വിശദീകരിച്ചു. ഒരു ബാച്ചിലെ 1.7 ദശലക്ഷം ഡോസുകൾ വൈകുന്നതായി ആരോഗ്യമന്ത്രി മാറ്റ് ഹാൻകോക്ക് നേരത്തെ തന്നെ പ്രസ്‌താവനയിലൂടെ വ്യക്‌തമാക്കിയിരുന്നു.
ഫൈസർ, അസ്‌ട്രാസെനക്ക എന്നീ കമ്പനികളുടെ വാക്‌സിനുകളാണ് ബ്രിട്ടനിൽ നിലവിൽ വിതരണം ചെയ്യുന്നത്. ഓർഡർ നൽകിയ 100 ദശലക്ഷം അസ്‌ട്രാസെനക്ക വാക്‌സിൻ ഡോസുകളിൽ 10 ദശലക്ഷം സിറം ഇൻസ്‌റ്റിറ്റൃൂട്ടിൽ നിന്നാണ് ലഭിക്കേണ്ടത്.
അഞ്ച് ദശലക്ഷം ഡോസുകൾ ആഴ്‌ചകൾക്ക് മുമ്പ് ബ്രിട്ടനിൽ എത്തിയതായി സിറം ഇൻസ്‌റ്റിറ്റൃൂട്ടിന്റെ വക്‌താവ് അറിയിച്ചു. ഇന്ത്യയിലെ വാക്‌സിൻ വിതരണം കണക്കിലെടുത്താകും ശേഷിക്കുന്ന ഡോസുകളുടെ കയറ്റുമതിയെന്നും അദ്ദേഹം വ്യക്‌തമാക്കി.
Also Read: സമരപന്തൽ വിവാഹ മണ്ഡപമാക്കി; കർഷക സമരത്തിന് വേറിട്ട ഐക്യദാർഢ്യം