രേവ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ രാജ്യാതിർത്തിയിൽ പോരാടുന്ന കർഷകർക്ക് വേറിട്ട രീതിയിൽ പിന്തുണ അർപ്പിച്ച് മധ്യപ്രദേശിൽ നിന്നുള്ള ദമ്പതികൾ. തങ്ങളുടെ വിവാഹത്തിന് സമരപന്തൽ വേദിയാക്കിയാണ് സച്ചിൻ സിങ്ങും ഭാര്യയും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വ്യാഴാഴ്‌ച ആയിരുന്നു ഇരുവരുടെയും വിവാഹം.
‘ജനുവരി 3 മുതൽ രാജ്യത്ത് ആരംഭിച്ച കർഷകരുടെ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. തങ്ങൾക്ക് വേണ്ടിയല്ലാത്ത ഈ മൂന്ന് നിയമങ്ങളും റദ്ദാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. കർഷകർ പല പരിപാടികളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. ഈ നിയമങ്ങൾ റദ്ദാക്കുന്നതുവരെ ഞങ്ങൾ പോകില്ല,’ വിവാഹശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ വരൻ സച്ചിൻ സിംഗ് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ ഇവിടെ നിന്നും മടങ്ങില്ലെന്ന് മധ്യപ്രദേശ് കിസാൻ സഭയുമായി ബന്ധമുള്ള സച്ചിന്റെ പിതാവ് രാംജിത് സിങ്ങും വ്യക്‌തമാക്കി.