ശിവകാര്‍ത്തികേയന്റെ 2017ലെ ‘വെലൈക്കാരന്‍’ എന്ന ആവറേജ് ചിത്രത്തിലൂടെ വില്ലന്‍ വേഷത്തിൽ തമിഴിൽ അരങ്ങേറ്റം കുറിച്ച ഫഹദ് ഫാസില്‍ കോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് ‘മാമന്നൻ’ സിനിമയിലൂടെ തന്റെ സ്‌ഥാനം പാൻ ഇന്ത്യൻ സിനിമയിൽ അരക്കിട്ടുറപ്പിക്കുന്നത്.
വയലൻസിന്റെ അതിപ്രസരം ഉണ്ടെങ്കിലും മിക്ക സംസ്‌ഥാനങ്ങളിലും ‘സൂപ്പർ ഹിറ്റ്’ ചാർട്ടിലെത്തിയ ചിത്രം ഇപ്പോൾ നെറ്റ്ഫ്ളിക്‌സ് ഒടിടിയിലും റിലീസ് ചെയ്‌തിട്ടുണ്ട്. രാഷ്‌ട്രീയത്തിലേക്ക് ചുവടുമാറിയ രണ്ടാം പകുതിയേക്കാൾ ആദ്യപകുതി മുന്നിട്ടുനിന്ന, 6.8/10 റേറ്റിങ്ങുള്ള സിനിമ സാമൂഹിക മാദ്ധ്യമങ്ങളിലും ട്രെൻഡിങ്ങാണ്. അതെ, നായകപരിവേഷത്തിൽ ആഘോഷിക്കപ്പെടുന്ന ഫഹദിന്റെ വില്ലൻ വേഷം കൊണ്ട് പ്രേക്ഷകനെ ഞെട്ടിക്കുന്ന ‘മാമന്നൻ’ തിയേറ്ററിൽ തന്നെ കാണേണ്ട സിനിമയായിരുന്നു.
തമിഴ്‌നാട്ടിലെ മിക്കയിടങ്ങളിലും ചിത്രത്തിലെ വില്ലനായ ഫഹദിന്റെ കൂറ്റൻ ഫ്‌ളക്‌സ് ബോർഡുകൾ സ്‌ഥാപിച്ചാണ് ഫാൻസ് അസോസിയേഷനില്ലാത്ത ഫഹദ് കൊണ്ടാടപ്പെടുന്നത്. തമിഴ്‌നാട്ടിലും കേരളത്തിലും തെലങ്കാനയിലും കർണാടകയിലും മികച്ച പ്രതികരണം നേടിയ സിനിമ ഫഹദിന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറുമെന്നാണ് സൂചന.
ബനിയനും സ്വർണ്ണച്ചങ്ങല പോലൊരു മാലയും കാണുംവിധം വെള്ളക്കുപ്പായമണിഞ്ഞ് സ്‌ലോമോഷനിലെത്തുന്ന, നെറ്റിയിലെയും കഴുത്തിലേയും ഞരമ്പുകൾ വലിഞ്ഞ് മുറുകി തനിക്ക് നേരെ നിൽക്കുന്നവനെ നിലയ്‌ക്ക് നിർത്താൻ ശ്രമിക്കുന്നയാളാണ് ഫഹദ് ഫാസിലിന്റെ ജാതിവെറിയനായ രത്‌നവേൽ എന്ന കഥാപാത്രം.
തിയേറ്ററിൽ തന്നെ കാണേണ്ട സ്വഭാവത്തിലെടുത്ത സിനിമ പക്ഷേ, ഒടിടിയിലും ഹിറ്റ് ചാർട്ടിലാണ്. തെന്നിന്ത്യൻ സിനിമയിൽ തന്നെ ഇത്രയധികം നായക പരിവേഷം ലഭിച്ച മറ്റൊരു വില്ലൻ കഥാപാത്രം ഉണ്ടാകില്ല. അത്രക്ക് ശക്‌തമായാണ് കഥാപാത്രത്തിലേക്ക് ഫഹദിന്റെ കൂടുമാറ്റം. ഡ്രൈവർ റസൂലാകുമ്പോഴും ഭാവനാ സ്‌റ്റുഡിയോയിലെ മഹേഷാകുമ്പോഴും ആമേനിലെ സോളമനും തൊണ്ടിമുതലിലെ കള്ളനിലും ജോജിയിലും സുലൈമാൻ മാലിക്കിലും വിക്രം എന്ന തമിഴ് മാസ് ചിത്രത്തിലെ അമർ ആയും പരകായപ്രവേശം ചെയ്യുന്ന ഫഹദ് രത്‌നവേലായും ഭാവഭദ്രത കൊണ്ട് ഞെട്ടിക്കുന്നുണ്ട് സിനിമയിലൂടെ.
ചിത്രത്തിൽ നായകനായി എത്തിയത് ഉദയനിധി സ്‌റ്റാലിനാണ്. ഫഹദ് ഫാസിലിനൊപ്പം വടിവേലു, കീർത്തി സുരേഷ്, ലാൽ എന്നിവരും അണിനിരക്കുന്നുണ്ട്. പരിയേറും പെരുമാളും, കർണ്ണനും ഒരുക്കിയ മാരി സെൽവരാജ് ചിത്രമെന്നതിനൊപ്പം ഹാസ്യതാരമായ വടിവേലുവിന്റെ വ്യക്‌തിത്വമുള്ള കാഥാപാത്രത്തിലേക്കുള്ള മാറ്റവും, സജീവ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുന്ന ഉദയനിധി സ്‌റ്റാലിന്റെ അവസാന ചിത്രമെന്ന ടാഗും, ഫഹദ് ഫാസിലിന്റെ വില്ലൻ വേഷവും ‘മാമന്നൻ’ കൂടുതൽ ശ്രദ്ധേയമാകാൻ കാരണമായി.
Most Read| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ