തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ മുഖ്യപ്രതി കീഴടങ്ങി. കാസർഗോഡ് സ്വദേശി ജയ്‌സൺ ആണ് മ്യൂസിയം പോലീസിൽ കീഴടങ്ങിയത്. കാസർഗോഡ് ഈസ്‌റ്റ് എളേരി മണ്ഡലം വൈസ് പ്രസിഡണ്ടാണ് ജയ്‌സൺ. കോടതി നിർദ്ദേശപ്രകാരമാണ് കീഴടങ്ങൽ. ഇയാളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുകയാണ്.
ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലും സംഘവുമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ജയ്‌സന്റെ നേതൃത്വത്തിലാണ് വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിവി രാജേഷ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു.
നടപടി വേണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐയും തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ ക്രമക്കേട് ആരോപിച്ചു കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം ചർച്ചയായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചെന്ന് പരാതിയിൽ വ്യക്‌തമാക്കിയിരുന്നു.
പ്രത്യേക മൊബൈൽ ആപ്ളിക്കേഷൻ ഉപയോഗിച്ചാണ് തിരിച്ചറിയൽ കാർഡ് നിർമിച്ചതെന്നും വ്യാജ കാർഡ് ഉപയോഗിച്ച് വ്യാപകമായി അംഗത്വം ചേർത്തെന്നും പരാതിയിൽ വ്യക്‌തമാക്കിയിരുന്നു. കേസിൽ നേരത്തെ, നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്‌റ്റിലായിരുന്നു. അടൂർ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാൻ, ബിനിൽ ബിനു, വികാസ് കൃഷ്‌ണ എന്നിവരാണ് അറസ്‌റ്റിലായത്. മ്യൂസിയം പോലീസാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.
കേസിൽ 24 വ്യാജ തിരിച്ചറിയൽ കാർഡുകളും പോലീസ് കണ്ടെടുത്തിരുന്നു. ഇത് വ്യാജമാണെന്ന് പോലീസ് സ്‌ഥിരീകരിച്ചു. പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്നാണ് കാർഡുകൾ കണ്ടെടുത്തത്. അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ്ടോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് കാർഡിന്റെ കോപ്പികൾ ലഭിച്ചത്. സൈബർ പോലീസ് അടക്കം എട്ടംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിസിപിയും കന്റോൺമെന്റ് എസിയും മേൽനോട്ടം വഹിക്കുന്നുണ്ട്.
Most Read| സംവരണ പട്ടിക പുതുക്കൽ; ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണമെന്ന് കേരളം