ആലപ്പുഴ: എസ്എൻഡിപി യോഗത്തെയും തന്നെയും തകർക്കാൻ കോടതിയുടെ പേരിൽ പോലും ചിലർ വ്യാജ വാർത്തകൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം കണിച്ചുകുളങ്ങര യൂണിറ്റിലെ മുൻ സെക്രട്ടറി കെകെ മഹേശന്റെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഹേശന്റെ ആത്‍മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെയും യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളിക്കെതിരെയും ഉയരുന്ന വാർത്തകൾ പച്ചക്കള്ളമാണ്. ചാനൽ ചർച്ച നടത്തിയാൽ എസ്എൻഡിപി യോഗത്തിന്റെ നേതൃത്വത്തെ തകർക്കാൻ കഴിയില്ല. അപകീർത്തിപ്പെടുത്തി തകർക്കാൻ ശ്രമിക്കുന്ന നീക്കങ്ങൾ നിയമപരമായി നേരിടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മഹേശന്റെ ആത്‍മഹത്യയിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കണമെന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മഹേശന്റെ ഭാര്യ ഉഷാദേവി നൽകിയ ഹരജിയിലായിരുന്നു കോടതി ഉത്തരവ്. ,എന്നാൽ, വെള്ളാപ്പള്ളി നടേശൻ ഉൾപ്പടെയുള്ളവരെ പ്രതി ചേർക്കാൻ കഴിയില്ലെന്ന് മാരാരിക്കുളം പോലീസ് കോടതിയെ അറിയിച്ചു. ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ പുതിയ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ തടസമുണ്ടെന്നും ആയിരുന്നു പോലീസിന്റെ വിശദീകരണം. വാദം അംഗീകരിച്ച കോടതി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.