വയനാട്: ജില്ലയിൽ ഗോത്ര വിഭാഗക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് നിർദ്ദേശം നൽകി. ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം. മീനങ്ങാടി അത്തിക്കടവ് പണിയ കോളനിയിലെ ദീപുവിനെ കാർ മോഷ്‌ടിക്കാൻ ശ്രമിച്ചെന്ന കുറ്റത്തിന് കോടതി റിമാൻഡ് ചെയ്‌തിരിക്കുകയാണ്. സംഭവത്തിൽ ദീപുവിന്റെ കുടുംബം കമ്മീഷന് പരാതി നൽകിയിരുന്നു.
പോലീസിന്റെ റിപ്പോർട് ലഭിച്ചാലുടൻ കൽപ്പറ്റ കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. ഇതിനിടെ സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പ്രതിപക്ഷ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ മാസം നാലിനാണ് പണിയ കോളനിയിലെ ദീപുവിനെ (22) കാർ മോഷ്‌ടിച്ചെന്ന് ആരോപിച്ച് സുൽത്താൻ ബത്തേരി പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ബത്തേരി ടൗണിൽ നിർത്തിയിട്ട കാർ മോഷ്‌ടിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് ദീപു അറസ്‌റ്റിലായതെന്ന് പോലീസ് പറയുന്നു.
കൂടാതെ, അപ്പാട്ടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് വിരലടയാള വിദഗ്‌ധർ നടത്തിയ പരിശോധനയിൽ ദീപുവിന്റെ വിരലടയാളം കണ്ടെത്തിയിട്ടുണ്ടെന്നും വീട്ടിൽ നിന്നും മോഷണത്തിന് ശേഷം ദീപു ബാഗുമായി പോകുന്നത് കണ്ട സാക്ഷികൾ ഉണ്ടെന്നും പോലീസ് പറയുന്നു. എന്നാൽ, കൂലിവേലകൾ ചെയ്യുന്ന ദീപുവിന് സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലെന്നും യുവാവിനെതിരെ പോലീസ് മനഃപൂർവം കേസ് കെട്ടിച്ചമച്ചതാണെന്നും നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. നീതി ലഭിച്ചില്ലെങ്കിൽ നിരാഹാര സമരം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം. ആദിവാസി സംഘടനകളും യുവജന പ്രസ്‌ഥാനങ്ങളും അടുത്ത ദിവസങ്ങളിൽ വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
Most Read: ഇഡി ഡയറക്‌ടറുടെ കാലാവധി വീണ്ടും നീട്ടി നൽകി കേന്ദ്ര സർക്കാർ