കോഴിക്കോട്: മൊബൈല്‍ ടവറിന് സ്‌ഥലം വാടകയ്‌ക്ക് നല്‍കിയതിന് കുടുംബത്തെ നാട്ടുകാര്‍ ഒറ്റപ്പെടുത്തുന്നതായി പരാതി. കോഴിക്കോട് ഒഞ്ചിയത്താണ് സംഭവം. ഒഞ്ചിയം പഞ്ചായത്ത് സര്‍വകക്ഷി യോഗം വിളിച്ച് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും വിവേചനം തുടരുകയാണ്.
65കാരിയായ നാരായണിയും സഹോദരന്റെ മകന്‍ സന്തോഷും ഒഞ്ചിയം കക്കാട്ടുകുന്നില്‍ അടുത്തടുത്ത വീടുകളിലാണ് താമസം. കഴിഞ്ഞ വര്‍ഷമാണ് സന്തോഷ് തന്റെ അഞ്ചര സെന്റ് സ്‌ഥലം ജിയോ കമ്പനിക്ക് മൊബൈല്‍ ടവര്‍ നിര്‍മ്മിക്കാനായി വാടകയ്‌ക്ക് നല്‍കിയത്. ജനവാസ കേന്ദ്രത്തിന് നടുവിലെ ടവര്‍ നിര്‍മ്മാണത്തിനെതിരെ ഒരു വിഭാഗം നാട്ടുകാര്‍ രംഗത്തെത്തി.
എതിര്‍പ്പ് അവഗണിച്ച് ഭൂമി വാടകയ്‌ക്ക് നല്‍കിയതിനു പിന്നാലെ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതികാര നടപടികള്‍ തുടങ്ങി. വീട്ടിലേക്കുള്ള കുടിവെള്ളം മുടക്കി, പലചരക്ക് സാധനങ്ങള്‍ നല്‍കരുതെന്ന് കടക്കാരനെ വിലക്കി, തേങ്ങയിടാന്‍ പറമ്പിലേക്ക് വരുന്നവരെപോലും ഭീഷണിപ്പെടുത്തി തിരിച്ചയക്കുന്നു.
നാട്ടുകാര്‍ ഊരുവിലക്കിയെന്ന നാരായണിയുടെ പരാതിയില്‍ യോഗം ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നാണ് ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ടിന്റ വിശദീകരണം. അതേസമയം, ജനവാസ മേഖലയിലെ ടവറിനെതിരായാണ് പ്രതിഷേധമെന്നും കുടുംബത്തെ ഒറ്റപ്പെടുത്താന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നുമാണ് ടവര്‍ വിരുദ്ധ ആക്ഷന്‍ കമ്മറ്റിയുടെ പ്രതികരണം.
ആര്‍എംപി നേതാവ് ദേവദാസന്റെ നേതൃത്വത്തിലാണ് ആക്ഷന്‍ കമ്മറ്റിയുടെ പ്രവര്‍ത്തനം. പരാതിയില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും നടപടികള്‍ തുടങ്ങി.
Read Also: മോഫിയയുടെ ആത്‌മഹത്യ; സുധീറിനെതിരെ വീണ്ടും പരാതി