തൃശൂർ: മലയാളികളുടെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ച് കേരളം. സിനിമാ- രാഷ്‌ട്രീയ സാംസ്‌കാരിക മേഖലകളിൽ നിന്നായി നൂറുകണക്കിന് ആളുകളാണ് പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി ജയചന്ദ്രന് അന്ത്യാഞ്‌ജലി അർപ്പിച്ചത്.
മമ്മൂട്ടി, ശ്രീകുമാരൻ തമ്പി, ബാലചന്ദ്ര മേനോൻ, രമേശ് ചെന്നിത്തല, പെരുവനം കുട്ടൻമാരാർ, സത്യൻ അന്തിക്കാട്, മന്ത്രിമാരായ ആർ ബിന്ദു, കെ രാജൻ തുടങ്ങിയവരടക്കം വൻ ജനാവലിയാണ് തൃശൂർ സംഗീത നാടക അക്കാദമി ഹാളിൽ പ്രിയ ഗായകന് പ്രണാമമർപ്പിക്കാനെത്തിയത്.
വികെ ശ്രീകണ്‌ഠൻ എംപി, എംഎൽഎമാരായ മുരളി പെരുനെല്ലി, പി ബാലചന്ദ്രൻ, മേയർ എംകെ വർഗീസ്, കളക്‌ടർ അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ ഇളങ്കോ, കർദായ സഭാധ്യക്ഷൻ ആർച്ച് ബിഷപ് മാർ ഔഗിർ കുര്യാക്കോസ്, സംവിധായകരായ കമൽ, പ്രിയനന്ദൻ, ജയരാജ്, സിബി മലയിൽ, സംഗീത സംവിധായകരായ വിദ്യാധരൻ, ഔസേപ്പച്ചൻ തുടങ്ങിയവരും അന്ത്യാഞ്‌ജലിയർപ്പിച്ചു.
രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു. വീട്ടിൽ നിന്ന് 11 മണിയോടെയാണ് ഭൗതികശരീരം സംഗീത നാടക അക്കാദമിയുടെ റീജണൽ തിയേറ്ററിൽ എത്തിച്ചത്. ഇവിടെ നിന്ന് ഒരുമണിയോടെ ഭൗതികശരീരം പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിക്കുകയായിരുന്നു. നാളെ രാവിലെ ഒമ്പത് മണിമുതൽ 12 വരെ ചേന്ദമംഗലം പാലിയം തറവാട്ടിൽ പൊതുദർശനം ഉണ്ടാകും. വൈകിട്ട് 3.30ന് പറവൂർ ചേന്ദമംഗലം പാലിയം തറവാട് ശ്‌മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും.
തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 7.54ഓടെയായിരുന്നു പ്രിയ ഗായകന്റെ വിയോഗം. അർബുദ ബാധിതനായി ഏറെനാൾ ചികിൽസയിലായിരുന്ന അദ്ദേഹം വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രിയ ഗായകന്റെ വിയോഗത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, സിനിമാ- സംഗീത രംഗത്തെ പ്രമുഖർ, വിവിധ രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പടെയുള്ളവർ ജയചന്ദ്രന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
മലയാള ചലച്ചിത്ര ഗാനശാഖയിലെ എക്കാലത്തെയും മികച്ച ഗാനങ്ങളിൽ പലതും പാടിയിട്ടുള്ള ജയചന്ദ്രൻ, ആറുപതിറ്റാണ്ടോളം മലയാളികളുടെ ഹൃദയസ്വരമായിരുന്നു. പ്രണയവയും വിരഹവും ഭക്‌തിയുമൊക്കെ ഭാവപൂർണതയോടെ ആ ശബ്‌ദത്തിൽ തെളിഞ്ഞിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16,000ലേറെ ഗാനങ്ങൾ പാടിയിട്ടുണ്ട്.
Most Read| കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ