ന്യൂഡെല്‍ഹി: രാജ്യതലസ്‌ഥാനത്ത് നടത്തുന്ന സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. കേന്ദ്രത്തിന് കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ നവംബര്‍ 26 വരെ സമയമുണ്ട്. നവംബര്‍ 27ന് കൂടുതല്‍ കര്‍ഷകര്‍ ട്രാക്‌റ്ററുകളുമായും മറ്റും ഡെല്‍ഹി അതിര്‍ത്തികളിലേക്ക് എത്തുമെന്നും സമരം കടുപ്പിക്കുമെന്നും ടിക്കായത്ത് ട്വീറ്റ് ചെയ്‌തു.
ഡെല്‍ഹി അതിര്‍ത്തിയിലെ സമരം ഒഴിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ സര്‍ക്കാര്‍ ഓഫിസുകള്‍ ചന്തകളാക്കി മാറ്റുമെന്ന് ടിക്കായത്ത് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലായിരിക്കും തങ്ങളുടെ ദീപാവലി ആഘോഷമെന്ന് കർഷക നേതാക്കളും മുന്നറിയിപ്പ് നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ആരംഭിച്ച ഡെല്‍ഹി ചലോ മാര്‍ച്ച് ഡെല്‍ഹി അതിര്‍ത്തികളില്‍ പോലീസ് തടഞ്ഞതോടെയാണ് അനിശ്‌ചിതകാല റോഡ് ഉപരോധ സമരമായി മാറിയത്. സംയുക്‌ത കിസാന്‍ മോര്‍ച്ചയാണ് നിലവിൽ സമരത്തിന് നേതൃത്വം നൽകുന്നത്. സിംഗു, ടിക്രി, ഗാസിപ്പുര്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും കർഷകർ സംഘടിച്ചിരിക്കുന്നത്.
Read also: ഡാബറിന്റെ പരസ്യം പിൻവലിക്കാൻ കാരണം അസഹിഷ്‌ണുത; ഡിവൈ ചന്ദ്രചൂഢ്