ന്യൂഡെല്‍ഹി: ഡാബറിന്റെ പരസ്യം പിന്‍വലിച്ച നടപടിയില്‍ പ്രതികരിച്ച് സുപ്രീം കോടതി ജഡ്‌ജി ഡിവൈ ചന്ദ്രചൂഢ്. പൊതുജനങ്ങളുടെ അസഹിഷ്‌ണുതയുടെ ഫലമായാണ് സ്വവര്‍ഗ ദമ്പതികള്‍ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന പരസ്യം പിന്‍വലിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു. തീവ്ര ഹിന്ദുത്വ സംഘടനകളുടെ ഭീഷണിയെ തുടർന്നാണ് കമ്പനിക്ക് പരസ്യം പിൻവലിക്കേണ്ടി വന്നത്.
നാം ജീവിക്കുന്ന സമൂഹത്തിന്റെ അവസ്‌ഥയും നിയമത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് കാണിക്കുന്ന ജീവിത സാഹചര്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആഴത്തില്‍ വേരൂന്നിയ അസമത്വങ്ങള്‍ക്കും പുരുഷാധിപത്യത്തിനും ഭരണഘടനയില്‍ പരിഹാരമുണ്ടെന്നും എന്നാല്‍ ദിവസവും സ്‍ത്രീകള്‍ക്കെതിരായ അനീതിയുടെ ഉദാഹരണങ്ങള്‍ കാണാനാവുമെന്നും വനിതകള്‍ക്കായുള്ള നിയമ ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു.
ഹിന്ദു ഉൽസവമായ കര്‍വാ ചൗത്ത് ആഘോഷിക്കുന്ന സ്വവര്‍ഗ ദമ്പതികളെ ചിത്രീകരിച്ചിരുന്ന പരസ്യത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. എന്നാല്‍ തീവ്രഹിന്ദുത്വ സംഘങ്ങള്‍ പരസ്യത്തിനെതിരെ രംഗത്തു വരികയായിരുന്നു. സ്‌ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടർന്നാണ് പരസ്യം പിൻവലിച്ചത്.
Read also: മുംബൈ ലഹരിപാർട്ടി: വാട്‌സ്ആപ്പ് ചാറ്റുകള്‍ മതിയായ തെളിവല്ല; പ്രത്യേക കോടതി