ഭോപ്പാല്‍: ബോബി ഡിയോൾ നായകനായ ആശ്രമം വെബ് സീരീസിന്റെ ഷൂട്ടിംഗ് സെറ്റിൽ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകർ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി. ഹിന്ദു മതത്തെ അവഹേളിക്കാന്‍ വേണ്ടി കാലങ്ങളായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് വെബ്‌സീരീസിന് ആശ്രമം എന്ന പേര് നല്‍കിയതെന്ന് നരോത്തം മിശ്ര ആരോപിച്ചു.
വെബ് സീരീസ് ഷൂട്ടിംഗ് സംബന്ധിച്ച് തങ്ങള്‍ സ്‌ഥിരമായ ഒരു മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ പോവുകയാണെന്നും ഇനി, ഷൂട്ട് ചെയ്യാന്‍ അനുമതി തേടുന്നതിന് മുമ്പ് നിര്‍മാതാവ് അല്ലെങ്കില്‍ സംവിധായകന്‍ അധികൃതര്‍ക്ക് തിരക്കഥ കാണിക്കണമെന്നും മിശ്ര പറഞ്ഞു.
”അവര്‍ ആശ്രമം 1, ആശ്രമം 2 ഉണ്ടാക്കി, ആശ്രമം 3 ഇവിടെ ഷൂട്ട് ചെയ്‌തു. ആശ്രമത്തില്‍ ഗുരു സ്‍ത്രീകളെ പീഡിപ്പിക്കുന്നതായി പ്രകാശ് ഝാ കാണിച്ചു. പള്ളിയിലോ മദ്രസയിലോ ഇത്തരമൊരു സിനിമ എടുക്കാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടോ? അവന്‍ ആരാണെന്ന് അവന്‍ കരുതുന്നത്?”- മിശ്ര പ്രതികരിച്ചു.
അതേസമയം പുതിയ ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ പ്രതികരിച്ചു. ഷൂട്ടിംഗ് സെറ്റില്‍ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകർ അതിക്രമിച്ച് കയറി ആക്രമിച്ച സംഭവം ഞെട്ടിപ്പിക്കുന്നുവെന്നും സ്വര പറഞ്ഞു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് എതിരെ ശിക്ഷാനടപടി സ്വീകരിക്കാത്ത പുതിയ ഇന്ത്യയുടെ സംസ്‌കാരം നമ്മളെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ആക്രമിക്കാവുന്ന അവസ്‌ഥയിലേക്ക് എത്തിച്ചിരിക്കുന്നെന്നും സ്വര ഭാസ്‌കർ ചൂണ്ടിക്കാട്ടി.
ഞായറാഴ്‌ച ഭോപ്പാലിലെ അരേര ഹില്‍സിലെ ഓള്‍ഡ് ജയില്‍ പരിസരത്ത് വെച്ചായിരുന്നു ആക്രമണം. ‘ആശ്രമം’ വെബ് സീരീസിന്റെ പേര് മാറ്റണമെന്നാണ് ഹിന്ദുത്വ വാദികളുടെ ആവശ്യം. സംഘമായി എത്തിയ ബജ്‌രംഗ്‌ദൾ പ്രവര്‍ത്തകര്‍ സെറ്റിലുള്ളവരെ ആക്രമിക്കുകയും സീരീസിന്റെ സംവിധായകൻ പ്രകാശ് ഝായുടെ മുഖത്ത് മഷിയൊഴിക്കുകയും ചെയ്‌തു. ഹിന്ദുമതത്തെ അപമാനിക്കുന്നതാണ് ‘ആശ്രമം’ സീരീസ് എന്നാണ് ബജ്‌രംഗ്‌ദളിന്റെ വാദം.
Read also: കൈക്കൂലി ആരോപണം; സമീര്‍ വാങ്കഡെയ്‌ക്ക് എതിരെ വിജിലന്‍സ് അന്വേഷണം