ആരോഗ്യകരമായ ഭക്ഷണത്തോടുള്ള ആഘാതമായ മനോഭാവമാണ് ജപ്പാൻ എന്ന രാജ്യത്തെ ഏറെ വേറിട്ട് നിർത്തുന്നത്. ആയുർദൈർഘ്യം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ജപ്പാനെ വാഴ്‌ത്തുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്. പ്രായമായവരിൽ കാണപ്പെടുന്ന ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ളവയുടെ നിരക്കും ഇവിടെ വളരെ കുറവാണ്.
അവരുടെ പല ചിട്ടകളും ഭക്ഷണരീതിയും ജീവിതശൈലിയുമെല്ലാം ഇന്ന് ലോകശ്രദ്ധ പിടിച്ചുപറ്റി കഴിഞ്ഞു. ആരോഗ്യത്തിനും സൗഖ്യത്തിനും ദീർഘായുസിനും ഏറെ പ്രാധാന്യം നൽകുന്ന ജപ്പാൻ സംസ്‌കാരം നമ്മുക്കും ഒന്ന് ഫോളോ ചെയ്‌താലോ? യുവത്വം നിലനിർത്താനും രോഗത്തെ പ്രതിരോധിക്കാനും സഹായിക്കുന്ന ജപ്പാൻകാരുടെ അഞ്ച് ആരോഗ്യ ശീലങ്ങൾ ഇനിമുതൽ നമുക്കും ശീലമാക്കാം.
1. ഗ്രീൻടീയുടെ ശക്‌തി
ജപ്പാൻകാരുടെ പ്രധാന പാനീയമാണ് ഗ്രീൻടീ അഥവാ ‘ഒച്ചാ’. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡണ്ടന്റുകളായ കാറ്റേച്ചിനുകളും പോളിഫിനോളുകളും ഫ്രീറാഡിക്കലുകളെ തുരത്തുന്നു. ഒരു ദിവസം അഞ്ച് കപ്പിലധികം ഗ്രീൻടീ കുടിക്കുന്നവർക്ക്, ഗ്രീൻ ടീ കുറച്ചുമാത്രം കുടിക്കുന്നവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ദീർഘായുസ് ഉണ്ടാകാമെന്നും ജാമാ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
ഗ്രീൻടീയുടെ ആന്റി ഇൻഫ്ളമേറ്ററി, ആന്റി ഓക്‌സിഡേറ്റീവ് ഗുണങ്ങൾ ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ചർമത്തിലെ ചുളിവുകൾ അകറ്റുന്നു. സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണമേകുന്നു. ചർമം യുവത്വമുള്ളതും തിളക്കമുള്ളതുമായും നിലനിർത്തുന്നു. മധുരപാനീയങ്ങളും കാപ്പിയും ഒഴിവാക്കി പകരം രണ്ടോ മൂന്നോ കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.
2. സസ്യാധിഷ്‌ഠിത ഭക്ഷണക്രമം (വാഷോകു)
ജപ്പാനിലെ പാരമ്പര്യ രീതിയാണ് വാഷോകു. സസ്യാധിഷ്‌ഠിത ഭക്ഷണക്രമം. മൽസ്യം, പച്ചക്കറികൾ, സീവീഡ് (കടൽപ്പായൽ), മിസോ, നാട്ടോ പോലുള്ള മുളപ്പിച്ച ഭക്ഷണങ്ങൾ ഇവയെല്ലാം ഉൾപ്പെട്ട ഭക്ഷണരീതിയാണിത്. നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവ ധാരാളം അടങ്ങിയതും പൂരിത കൊഴുപ്പും ഷുഗറും കുറവുള്ള ഭക്ഷണ രീതിയാണിത്.
വാഷോകു ഭക്ഷണരീതി പിന്തുടരുന്നത് പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം എന്നിവയ്‌ക്കുള്ള സാധ്യതകളെ കുറയ്‌ക്കുന്നു. സസ്യാധിഷ്‌ഠിത ഭക്ഷണക്രമം പിന്തുടരുന്നവരിൽ പ്രായമാകൽ സാവധാനത്തിലാകുമെന്നും വാർധക്യത്തിലെ രോഗങ്ങൾ വരാനുള്ള സാധ്യത കുറവാണെന്നും ബയോമെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
3. ഹരാ ഹാച്ചി ബു
ജപ്പാനിൽ നിലവിലുള്ള ഭക്ഷണരീതിയാണിത്. 80 ശതമാനം മാത്രം വയർ നിറയുന്ന രീതിയിൽ ഭക്ഷണം കഴിക്കുന്ന രീതിയാണിത്. ജപ്പാനിലെ ഒകിനാവ പ്രദേശത്ത് ഈ രീതി സർവസാധാരണമാണ്. ഇവിടെയാണ് 100 വയസിന് മുകളിൽ പ്രായമുള്ള ധാരാളം പേർ താമസിക്കുന്നത്. ഈ ഭക്ഷണരീതി ദീർഘായുസ് നൽകുന്നതിനൊപ്പം പൊണ്ണത്തടിയുമായി ബന്ധപ്പെട്ട രോഗങ്ങളെയും പ്രതിരോധിക്കുന്നു.
പോഷകങ്ങളുടെ അഭാവം വരാതെ കാലറിയെ നിയന്ത്രിക്കുന്നത് പ്രായമാകലിനെ സാവധാനത്തിലാക്കുകയും ദീർഘായുസ് ലഭിക്കുകയും ചെയ്യും. മിതമായ അളവിൽ ഭക്ഷണം കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താനും ഉപാചയപ്രവർത്തനം മെച്ചപ്പെടുത്താനും ഓക്‌സീകരണ സമ്മർദ്ദം കുറയ്‌ക്കാനും സഹായിക്കുന്നു. ഇവയെല്ലാം പ്രായമാകലിനെ സാവധാനത്തിലാക്കുന്നു.
4. ഇപ്പോഴും ആക്‌ടീവ് ആയിരിക്കാം
ജിമ്മും വർക്ക്‌ഔട്ടും ഒന്നും ഇല്ലാതെ തന്നെ ദിവസേനയുള്ള നടത്തം, സൈക്ളിങ്, പൂന്തോട്ട പരിപാലനം, യോഗ എന്നിവയെല്ലാം ശീലമാക്കാം. ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം, ഡിമൻഷ്യ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കാൻ പതിവായ ശാരീരിക പ്രവർത്തിനാകുമെന്ന് ലാൻസെറ്റ് ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ദിവസേനയുള്ള ഇത്തരം പ്രവർത്തനം മനസിനെ ഹാപ്പിയാക്കി നിലനിർത്തും.
5. ഉറക്കവും വിശ്രമവും
ആരോഗ്യകരമായ ജീവിതശൈലിയിൽ വളരെ പ്രധാനപ്പെട്ടതായി ജാപ്പനീസ് സംസ്‌കാരം കരുതുന്നതാണ് ഉറക്കവും വിശ്രമവും. ശാരീരികവും മാനസികവുമായ ഉണർവിന് ശരിയായ ഉറക്കം ആവശ്യമാണ്. പ്രായമാകലിനെ പ്രതിരോധിക്കുന്നതിന് ഇത് പ്രധാന പങ്കുവഹിക്കുന്നതായി പഠനങ്ങൾ പറയുന്നു.
ഗാഢമായി ഉറങ്ങുന്ന സമയത്ത് ശരീരം കേടുവന്ന കോശങ്ങളുടെ കേടുപാടുകൾ പരിഹരിക്കുന്നു. കൊളാജൻ ഉൽപ്പാദിപ്പിക്കുകയും വിഷാംശങ്ങളെ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് ചെറുപ്പം നിലനിർത്താൻ സഹായിക്കുന്നു. ദിവസേന രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങുകയും പകൽ ചെറുമയക്കം ശീലമാക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്നാണ് ജപ്പാൻകാരുടെ വിശ്വാസം.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!