ഇന്ത്യൻ ഹരിത വിപ്ളവത്തിന്റെ പിതാവ്; എംഎസ് സ്വാമിനാഥൻ അന്തരിച്ചു

നോർമൻ ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ മണ്ണിൽ തുടർച്ച നൽകിയ,  സ്വാമിനാഥന്റെ വിപ്ളവ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. പത്‌മഭൂഷൺ നൽകി രാജ്യം ആദരിച്ച ശാസ്‌ത്രജ്‌ഞനായിരുന്ന അദ്ദേഹം.

By Trainee Reporter, Malabar News
MS Swaminathan

ചെന്നൈ: ഇന്ത്യൻ ഹരിത വിപ്ളവത്തിന്റെ പിതാവ് എംഎസ് സ്വാമിനാഥൻ അന്തരിച്ചു. 98 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാർഷിക സ്വയംപര്യാപ്‌തതയിലേക്ക് നയിച്ച മഹാപ്രതിഭയായിരുന്നു എംഎസ് സ്വാമിനാഥൻ. നോർമൻ ബോർലോഗിന്റെ ഗവേഷണങ്ങൾക്ക് ഇന്ത്യൻ മണ്ണിൽ തുടർച്ച നൽകിയ,  സ്വാമിനാഥന്റെ വിപ്ളവ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് പട്ടിണി ഇല്ലാതാക്കിയത്. പത്‌മഭൂഷൺ നൽകി രാജ്യം ആദരിച്ച ശാസ്‌ത്രജ്‌ഞനായിരുന്ന അദ്ദേഹം.

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ മങ്കൊമ്പ് എന്ന സ്‌ഥലത്ത്‌ 1925 നാണ് മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന എംഎസ് സ്വാമിനാഥൻ ജനിച്ചത്. സർജനായ ഡോ. എംകെ സാംബശിവന്റേയും പാർവതി തങ്കമ്മാളിന്റേയും മകനാണ്. കുംഭകോണം കാതോലിക്കേറ്റ് ലിറ്റിൽ ഫ്‌ളവർ ഹൈസ്‌കൂളിൽ നിന്ന് 15ആം വയസിൽ മെട്രിക്കുലേഷൻ പാസായി.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് 1944ൽ സുവോളജിയിൽ ബിരുദം നേടി. ശേഷം മദ്രാസ് അഗ്രിക്കൾച്ചറൽ കോളേജിൽ നിന്ന് അഗ്രികൾച്ചറൽ സയൻസിൽ ബിരുദവും നേടി. 1947ൽ ഇന്ത്യൻ അഗ്രിക്കച്ചറൽ റിസേർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നിന്ന് ജനറ്റിക്‌സ് ആൻഡ് പ്ളാന്റ് ബ്രീഡിങ്ങിൽ മാസ്‌റ്റർ ബിരുദവും നേടി. 1949ൽ ഉരുളക്കിഴങ്ങിൽ ജനിതക പഠനത്തിനായി യുനെസ്‌കോ ഫെലോഷിപ്പ് സ്വീകരിച്ചു. 1950ൽ കേംബ്രിഡ്‌ജിൽ ഗവേഷണത്തിന് ചേർന്നു. 1952ൽ പിഎച്ച്ഡിയും നേടി.

1955- 72 കാലഘട്ടത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസേർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിൽ അധ്യാപനവും ഒപ്പം ഗവേഷണവും നടത്തി. മികച്ച ഉൽപ്പാദനം തരുന്ന ഗോതമ്പ് വിത്തുകൾക്കായുള്ള ഗവേഷണമാണ് അദ്ദേഹം നടത്തിയത്. 1961-72 കാലത്ത് ഇൻസ്റിറ്റ്യൂട്ട് ഡയറക്‌ടർ പദവിയിൽ അദ്ദേഹമെത്തി. 1965ൽ നോർമൽ ബോലോഗും മറ്റു ശാസ്‌ത്രജ്‌ഞരുമായി ചേർന്ന് അത്യുൽപ്പാദന വിത്തിനങ്ങൾ വികസിപ്പിച്ചു രാജ്യത്തിന് ഭക്ഷ്യസുരക്ഷ കൈവരിക്കാൻ ഹരിത വിപ്ളവത്തിന് തുടക്കം കുറിച്ചു.

ടൈം മാഗസിൻ അവലോകന അനുസരിച്ചു, 20ആം നൂറ്റാണ്ടിൽ ഏഷ്യ കണ്ട ഏറ്റവും സ്വാധീന ശക്‌തിയുള്ള 20 പേരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കൂടാതെ, ഗാന്ധിജിയും രവീന്ദ്രനാഥ ടാഗോറുമാണ് ഇന്ത്യയിൽ നിന്ന് 20 പേരിൽ ഉൾപ്പെട്ടിരുന്നത്. സ്‌ഥിരം ഭക്ഷ്യസുരക്ഷക്ക് ഉതകുന്ന സുസ്‌ഥിര കൃഷിക്ക് വേണ്ടി ഹരിതവിപ്ളവം, നിത്യഹരിതവിപ്ളവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാർശ ഏറെ ശ്രദ്ധയാകർഷിച്ചതാണ്.

1972 മുതൽ 79 വരെ അദ്ദേഹം ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ഡയറക്‌ടർ ആയിരുന്നു. ഇന്ത്യൻ കാർഷിക മന്ത്രാലയത്തിന്റെ പ്രിൻസിപ്പൽ സെക്രട്ടറി, രാജ്യാന്തര നെല്ല് ഗവേഷണ കേന്ദ്രത്തിൽ ഡയറക്‌ടർ ജനറൽ, ഇന്റർനാഷണൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്യുറൽസ് റിസോഴ്‌സസ്‌ പ്രസിഡണ്ട്, ദേശീയ കാർഷിക കമ്മീഷൻ ചെയർമാൻ തുടങ്ങി ഒട്ടേറെ പദവികളിൽ അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.

1967ൽ പത്‌മശ്രീയും 1972ൽ പത്‌മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1971ൽ സാമൂഹിക സേവനത്തിന് രമൺ മാഗ്‌സസെ അവാർഡ്, 1986ൽ ആൽബർട്ട് ഐൻസ്‌റ്റീൻ അവാർഡ്, 1987ൽ ആദ്യ ലോക ഫുഡ് പ്രൈസ്, 2000ത്തിൽ സമാധാനത്തിന് ഇന്ദിരാഗാന്ധി അവാർഡ്, പരിസ്‌ഥിതി സംരക്ഷണത്തിന് യുഎൻഇപി അവാർഡ്, യുനെസ്‌കോയുടെ മഹാത്‌മാഗാന്ധി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഭാര്യ: മീന ഭൂതലിംഗം. ഡോ. സൗമ്യ, മധുര, നിത്യ എന്നിവർ മക്കളാണ്.

അതേസമയം, എംഎസ് സ്വാമിനാഥന്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. സ്വാമിനാഥൻ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയെന്ന് പ്രധാനമന്ത്രി അനുസ്‌മരിച്ചു. കാർഷിക മേഖലക്ക് അദ്ദേഹം നൽകിയ സംഭാവന, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത കാർഷിക ശാസ്‌ത്രജ്‌ഞനാണ് ഹരിത വിപ്ളവത്തിന്റെ പതാകാവാഹകനായിരുന്നു എംഎസ് സ്വാമിനാഥനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്‌മരിച്ചു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിന് നികത്താനാവാത്ത നഷ്‌ടമാണെന്നും, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചിച്ചു.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE