സാമ്പത്തിക പ്രതിസന്ധി; സർക്കാർ ചെലവ് ചുരുക്കുന്നു; നിർദ്ദേശങ്ങൾ നൽകുന്നവർക്ക് സമ്മാനം

By News Desk, Malabar News
Kerala Govt To Cut Spending
Thomas Isaac
Ajwa Travels

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മൂലമുണ്ടായ സാമ്പത്തികമാന്ദ്യം നേരിടുന്നതിന് സംസ്‌ഥാന സർക്കാർ ചെലവ് ചുരുക്കുന്നു. ഇത് സംബന്ധിച്ച് വിദഗ്‌ധ സമിതികൾ നൽകിയ ശുപാർശകൾ അംഗീകരിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പദ്ധതി ചെലവ് ചുരുക്കുന്നത് മുതൽ ഓഫീസുകളിലെ പാഴ്വസ്‌തുക്കൾ ലേലം ചെയ്യുന്നത് വരെയുള്ള നടപടികൾ ഉണ്ടാകും. തീരുമാനങ്ങൾ ഉടൻ നടപ്പാക്കണമെന്നും ധനവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ശമ്പളമില്ലാതെ അവധിയെടുക്കാനുള്ള കാലാവധി 5 വർഷമായി വെട്ടിക്കുറച്ചു. നേരത്തെ ഇത് 20 വർഷമായിരുന്നു. അഞ്ച് വർഷത്തിന് ശേഷവും ജോലിക്ക് ഹാജരാകാതിരുന്നാൽ രാജി വെച്ചതായി കണക്കാക്കും. നിലവിൽ അവധി നീട്ടികിട്ടിയവർക്ക് ഇത് ബാധകമല്ല.

അവസാനിപ്പിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ തുടരുന്ന ഉദ്യോഗസ്‌ഥരെ കണ്ടെത്തി ഉടൻ തന്നെ മറ്റ് വകുപ്പുകളിലേക്ക് മാറ്റണം. തദ്ദേശ സ്‌ഥാപനങ്ങളിലെ കരാറുകൾക്കുൾപ്പടെ ട്രഷറിയിൽ നിന്ന് പണം ലഭിക്കില്ല. ബില്ലുകൾ നവംബർ ഒന്ന് മുതൽ ബാങ്കുകൾ വഴി ബിൽ ഡിസ്‌കൗണ്ട് രീതിയിലേ ലഭിക്കുകയുള്ളൂ. പലിശയുടെ ഒരു പങ്ക് കരാറുകാരൻ വഹിക്കണം.

സർക്കാർ കെട്ടിടങ്ങൾ പുതുക്കി പണിയുന്നതും പുതിയ ഫർണിച്ചറും വാഹനങ്ങളും വാങ്ങുന്നതും ഒരു വർഷത്തേക്ക് തടഞ്ഞു. ഔദ്യോഗിക ചർച്ചകളും യോഗങ്ങളും പരിശീലനങ്ങളും ഓൺലൈനിൽ മതിയെന്നാണ് നിർദ്ദേശം.ഓഫീസുകളിലെയും സ്‌ഥാപനങ്ങളിലെയും ഉപയോഗശൂന്യമായ വസ്‌തുക്കൾ ഓൺലൈൻ ലേലത്തിൽ വിൽക്കണം. മൂന്ന് മാസമാണ് ഇതിന് അനുവദിച്ചിരിക്കുന്നത്. വാർഷിക പദ്ധതി തടസപ്പെട്ടതിനാൽ അതും വെട്ടിക്കുറക്കും.

സർക്കാരിന്റെ ചെലവ് ചുരുക്കൽ പദ്ധതിയിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാം. ഈ സാമ്പത്തിക വർഷം ശേഷിക്കുന്ന മാസങ്ങളിൽ ചെലവ് കുറക്കുന്നതിന് പ്രായോഗിക നിർദ്ദേശങ്ങൾ നൽകുന്നവർക്ക് തക്കതായ പാരിതോഷികം ലഭിക്കും. ആസൂത്രണ ബോർഡ് വഴിയും ധനവകുപ്പിന് നേരിട്ടും നിർദ്ദേശങ്ങൾ നൽകാം. നടപ്പാക്കാൻ സാധിക്കുന്ന നിർദ്ദേശങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുക.

Also Read: അനൂപിന്റെ ഡെബിറ്റ് കാർഡ് ബിനീഷിന്റെ വീട്ടിൽ നിന്ന് ലഭിച്ചെന്ന് ഇഡി

ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളുടെ ഭാഗമായി എയ്‌ഡഡ്‌ സ്‌കൂൾ/ കോളേജ് നിയമനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തും. മാനേജ്മെന്റുകൾ എതിർത്ത തീരുമാനങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതിനായി ഒരു മാസത്തിനകം ചട്ടങ്ങളിലും നിയമങ്ങളിലും മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE