സാമ്പത്തിക ഇടപാട്; അറസ്‌റ്റിലായ റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും

By News Desk, Malabar News
Rauf Sherif
Ajwa Travels

കൊച്ചി: സാമ്പത്തിക ഇടപാടിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറണമെന്ന് കോടതി. യുപി മഥുര പോലീസ് പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കിയതിനെ തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദ്ദേശം.

ഇഡി രജിസ്‌റ്റർ ചെയ്‌ത കേസിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന റൗഫിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് റൗഫിനെ യുപി പോലീസ് അവിടുത്തെ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമൂഹത്തിൽ വിദ്വേഷം വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ഇതിനുള്ള പ്രേരണ നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് റൗഫിനെതിരെ യുപി പോലീസ് ചുമത്തിയിരിക്കുന്നത്. നേരത്തെ ഹത്രസിൽ അറസ്‌റ്റിലായ മാദ്ധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെയും ഇതേ വകുപ്പുകളാണ് യുപി പോലീസ് ചുമത്തിയിരുന്നത്.

നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് മുന്‍കൂട്ടി നിശ്‌ചയിച്ച് കാപ്പനും സംഘവും ഹത്രസിലേക്ക് പോയത് എന്നാണ് യുപി സർക്കാരിന്റെ കണ്ടെത്തൽ. ഇവരുടെ ഹത്രസ് സന്ദര്‍ശനത്തിന് സഹായങ്ങള്‍ ചെയ്‌തത്‌ റൗഫ് ഷെരീഫാണെന്നും യുപി സർക്കാർ സത്യവാങ് മൂലത്തിൽ ആരോപിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്‌റ്റ്. ജനുവരി 13ന് റൗഫിനെ മഥുര കോടതിയിൽ ഹാജരാക്കണമെന്ന വാറന്റുമായാണ് യുപി പോലീസ് എറണാകുളം സെഷൻസ് കോടതിയെ സമീപിച്ചത്.

കാപ്പന്റെയും സംഘത്തിന്റെയും ഹത്രസ് സന്ദർശനത്തിന് പിന്നിൽ റൗഫാണെന്ന് ഇഡിയും നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടെ, കസ്‌റ്റഡിയിൽ വെച്ച് തന്നെക്കൊണ്ട് പത്ത് വെള്ളപേപ്പറുകൾ ഇഡി ഉദ്യോഗസ്‌ഥർ ഒപ്പിട്ട് വാങ്ങിയതായി റൗഫ് കോടതിയെ അറിയിച്ചിരുന്നു. ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്നും തന്റെ സഹോദരനെ അടക്കം കേസിൽ പ്രതിയാക്കുമെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞതായും റൗഫ് ആരോപിച്ചു.

തുടർന്ന് ഇഡി ഉദ്യോഗസ്‌ഥർക്ക്‌ സെഷൻസ് കോടതി ജഡ്‌ജി താക്കീത് നൽകി. താൻ പറയുന്നതല്ല ഇഡി ഉദ്യോഗസ്‌ഥർ മൊഴിയായി രേഖപ്പെടുത്തുന്നതെന്നും റൗഫ് പരാതിപ്പെട്ടിരുന്നു. തനിക്ക് പരിചയമില്ലാത്ത ആളുകളുമായി പോലും സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് മൊഴി നൽകാൻ നിർബന്ധിച്ചുവെന്നും റൗഫ് പറയുന്നു. റൗഫിന്റെ ബാങ്ക് അക്കൗണ്ടിലെ പണം കള്ളപ്പണമാണെന്ന് ആയിരുന്നു ഇഡിയുടെ പ്രധാന ആരോപണം. എന്നാൽ, താൻ ഒമാനിൽ ട്രേഡിങ് കമ്പനി ജനറൽ മാനേജർ ആണെന്നും അക്കൗണ്ടിൽ വന്ന പണം കയറ്റുമതിയിലൂടെ ലഭിച്ചതാണെന്നുമാണ് റൗഫിന്റെ വാദം.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് റൗഫിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്‌. രണ്ടു കോടി 21 ലക്ഷം രൂപയാണ് റൗഫിന്റെ അക്കൗണ്ടിൽ നിന്ന് ഇഡി കണ്ടെത്തിയത്. ഈ പണമിടപാടില്‍ 31 ലക്ഷം രൂപ വിദേശത്ത് നിന്ന് എത്തിയതാണെന്നും ഇഡി പറയുന്നു.

Also Read: ഉദ്യോഗസ്‌ഥർ കൊണ്ടുപോയത് 2,300 രേഖകൾ, നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; വാദ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE