അബുദാബി: അഫ്‌ഗാനിസ്‌ഥാനില്‍ നിന്നുള്ള ആദ്യ സംഘം യുഎഇയിലെത്തി. അഫ്‌ഗാനിസ്‌ഥാനില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് നിന്ന് പലായനം ചെയ്‌തവരാണ് യുഎഇയിൽ എത്തിച്ചേർന്നത്.
അഭയാര്‍ഥികള്‍ക്ക് സമാധാനത്തോടെയും അഭിമാനത്തോടെയും ജീവിക്കാനുള്ള അന്തരീക്ഷം രാജ്യം ഒരുക്കുമെന്ന് അഫ്‌ഗാനില്‍ നിന്നെത്തിയവരുടെ ചിത്രങ്ങള്‍ പോസ്‌റ്റ് ചെയ്‌തുകൊണ്ട് യുഎഇ മുന്‍ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. 5,000 പേര്‍ക്ക് താൽകാലിക അഭയം നല്‍കുമെന്ന് യുഎഇ നേരത്തെ വ്യക്‌തമാക്കിയിരുന്നു.
അതേസമയം സ്‍ത്രീകളും കുട്ടികളുമാണ് യുഎഇയിൽ എത്തിയ ആദ്യസംഘത്തില്‍ ഏറെയും.
കഴിഞ്ഞ ദിവസമാണ് അഫ്‌ഗാനിൽ ഐഎസ് ഭീകരര്‍ ചാവേറാക്രമണം നടത്തിയത്. നൂറിലേറെ പേര്‍ സ്‍ഫോടനത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്. ഇന്നലെ വൈകുന്നേരത്തോടെ കാബൂൾ വിമാനത്താവളത്തിലെ ആബെ ഗേറ്റിന് സമീപമാണ് ആദ്യ സ്‍ഫോടനം ഉണ്ടായത്. ഇവിടെയാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നഷ്‌ടമായത്. കൂടാതെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. തുടർന്നാണ് വിമാനത്താവളത്തിന്റെ പരിസരത്തുള്ള ബാരൺ ഹോട്ടലിന് സമീപം രണ്ടാം സ്‍ഫോടനം ഉണ്ടായത്. മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്.
Most Read: കാബൂൾ വിമാന താവളത്തിലെ ഇരട്ടസ്‍ഫോടനം; മരണം 103 ആയി ഉയർന്നു