രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ

By Team Member, Malabar News
Malabarnews_rohit
രോഹിത് ശർമ
Ajwa Travels

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും ടീമിന്റെ ഉപനായകനുമായ രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ക്ക് രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിന് ശുപാര്‍ശ. രോഹിതിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, ഇന്ത്യന്‍ വനിത ഹോക്കി നായിക റാണി റാംപാല്‍, 2016 റിയോ പാരാലിമ്പിക്സ് സ്വര്‍ണ ജേതാവ് മാരിയപ്പന്‍ തങ്കവേലു എന്നിവര്‍ക്കാണ് രാജ്യത്തെ ഏറ്റവും വലിയ കായിക പുരസ്‌കാരത്തിന് ശുപാര്‍ശ ലഭിച്ചത്. മുന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്, മുന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ സര്‍ദാര്‍ സിംഗ് എന്നിവര്‍ ഉള്‍പ്പെട്ട കമ്മറ്റിയാണ് താരങ്ങളെ നിര്‍ണയിച്ചത്.

2019ലെ പ്രകടന മികവിനാണ് രോഹിതിന് നാമനിര്‍ദ്ദേശം ലഭിച്ചത്. കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഏകദിന റണ്‍സുകള്‍ (1490 റണ്‍സ്) നേടിയതും രോഹിതാണ്. 2019ല്‍ ഏഴ് സെഞ്ചുറികളും അദ്ദേഹം നേടി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍, മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി, നിലവിലെ ക്യാപ്റ്റന്‍ വിരാട് കോഹ്ലി എന്നിവര്‍ക്കാണ് ക്രിക്കറ്റ് താരങ്ങളില്‍ മുന്‍പ് ഖേല്‍ രത്‌ന ലഭിച്ചിട്ടുള്ളത്.

2018 കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും നേടിയ സ്വര്‍ണ മെഡല്‍, 2019 ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍സിപ്പിലെ വെങ്കല മെഡല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ പുരസ്‌കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്തത്. ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ വിനേഷ് ഫോഗട്ട് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയിരുന്നു. കോവിഡ് മൂലം അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ഒളിമ്പിക്സില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നതും ഇദ്ദേഹത്തിലാണ്.

2016 റിയോ പാരാലിമ്പിക്‌സില്‍ നേടിയ സ്വര്‍ണമാണ് തങ്കവേലുവിനെ നാമനിര്‍ദ്ദേശം ചെയ്യാന്‍ കാരണമായത്. ലോക പാരാ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ മാരിയപ്പന്‍ തങ്കവേലു അടുത്ത വര്‍ഷത്തെ പാരാലിമ്പിക്സിലേക്കും യോഗ്യത നേടിയിട്ടുണ്ട്.

2018ലെ ഗംഭീര പ്രകടനമാണ് മണിക ബത്രയെ ശുപാര്‍ശയ്ക്ക് അര്‍ഹയാക്കിയത്. 2018 ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇവര്‍ ഇരട്ട സ്വര്‍ണം നേടിയിരുന്നു. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലും മണിക ബത്ര സ്വന്തമാക്കിയിരുന്നു. ജനുവരിയില്‍ നടന്ന ടോക്കിയോ 2020 യോഗ്യത മത്സരത്തില്‍ പരാജയപ്പെട്ടതിനാല്‍ മണിക ബത്രയ്ക്ക് ഒളിമ്പിക്സില്‍ യോഗ്യത നേടാന്‍ സാധിച്ചില്ല.

ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയ ഇന്ത്യന്‍ വനിത ഹോക്കി ടീമിനെ നയിച്ചത് റാണി റാംപാല്‍ ആണ്.

രാജ്യത്ത് കോവിഡ് വ്യാപനം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ഇത്തവണ പുരസ്‌കാര ദാനം വെര്‍ച്വലായാണ് നടത്തുന്നത്. 29നാണ് പുരസ്‌കാരദാനം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE