കൽപറ്റ: കർഷകർക്കെതിരായ ജപ്‌തി നടപടികളിൽ നിന്നു ധനകാര്യ സ്‌ഥാപനങ്ങൾ ഉടൻ പിൻമാറണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്‌തമാക്കുമെന്ന് നാഷണൽ പീപ്പിൾസ് പ്രൊട്ടക്ഷൻ ഫോറം. ആദ്യപടിയായി 23ന് രാവിലെ 10 മണിക്ക് കൽപറ്റ ലീഡ് ബാങ്കിനു മുന്നിൽ കർഷക ധർണയും ജപ്‌തി തടയൽ പ്രഖ്യാപനവും നടത്തുമെന്നു ഫോറം സംസ്‌ഥാന കമ്മിറ്റി അംഗം ഗഫൂർ വെണ്ണിയോട്, ജില്ലാ പ്രസിഡണ്ട് പി പ്രഭാകരൻ നായർ എന്നിവർ അറിയിച്ചു.
ജപ്‌തി ഭീഷണി നേരിടുന്ന കർഷകർക്ക് ഫോറം സൗജന്യ നിയമസഹായങ്ങൾ നൽകും. ഇരകളായ കർഷകരുടെയും സ്വതന്ത്ര കർഷക സംഘടനകളുടെയും കൺവൻഷനുകൾ വിളിച്ചു ചേർത്ത് ഭാവി പരിപാടികൾ ആവിഷ്‌കരിക്കുമെന്നും ഇവർ പറഞ്ഞു. മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ ജില്ലയിലെ പതിനായിരത്തോളം കർഷകരാണ് ജപ്‌തി ഭീഷണി നേരിടുന്നത്. കേരള ബാങ്ക് അടക്കമുള്ള ധനകാര്യ സ്‌ഥാപനങ്ങൾ കർഷകർക്ക് ജപ്‌തി അറിയിപ്പ് നൽകി കഴിഞ്ഞു.
പ്രളയങ്ങളും കോവിഡും കാലാവസ്‌ഥാ വ്യതിയാനവും വിലത്തകർച്ചയും വിളനാശവും വന്യമൃഗശല്യവും കാരണം പിടിച്ചുനിൽക്കാൻ പോലും പ്രയാസപ്പെടുന്ന ഘട്ടത്തിലാണ് ധനകാര്യ സ്‌ഥാപനങ്ങൾ മനുഷ്യത്വരഹിതമായി കർഷകരോട് പെരുമാറുന്നത്. സർഫാസി ആക്‌ടിന്റെ മറവിൽ ആയിരക്കണക്കിന് കർഷക കുടുംബങ്ങളാണ് കുടിയിറക്കപ്പെടുന്നത്. പ്രശ്‌നത്തിൽ സർക്കാർ ഉടൻ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു.
Most Read: സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ വഴിത്തിരിവ്; ഗൂഢാലോചനയെന്ന് കണ്ടെത്തൽ