കോഴിക്കോട്: കുറ്റ്യാടിയിലെ ഘോരവനം സ്വകാര്യ പ്ളാന്റേഷന് കൈമാറാനുള്ള ശ്രമം സർക്കാർ നടത്തുന്നതായി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി വനം മന്ത്രി കെ രാജു രംഗത്ത്. അത്തരമൊരു തീരുമാനം സർക്കാർ എടുത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്ളാന്റേഷൻ ഉടമകളുടെ ഭാഗത്ത് നിന്ന് പരാതി വന്നപ്പോൾ സ്വാഭാവികമായ പരിശോധന നടത്താൻ ഒരു ടീം രൂപീകരിക്കാൻ തീരുമാനം എടുക്കുക മാത്രമാണ് ചെയ്‌തതെന്ന് മന്ത്രി വ്യക്‌തമാക്കി. ഈ സമിതിയുടെ റിപ്പോർട്ട് സർക്കാരിന് എതിരാണെങ്കിലും കോടതി വിധി വരാതെ ഭൂമി വിട്ടുനൽകില്ലെന്നും അദ്ദേഹം അറിയിച്ചു.
പരിശോധനക്കായി രൂപീകരിച്ച സംഘത്തിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് റദ്ദാക്കും. രണ്ട് ദിവസത്തിനകം ഇതിൽ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്‌ഥരുടെ ഉന്നതതല യോഗം ചേർന്നതിന് ശേഷമാവും ബാക്കി നടപടികളിലേക്ക് കടക്കുക.
കുറ്റ്യാടി റേഞ്ചിലെ മീമ്പറ്റയിൽ 219 ഏക്കറോളം ഭൂമി സ്വകാര്യ പ്ളാന്റേഷൻ ഗ്രൂപ്പിന് നൽകാൻ സർക്കാർ ശ്രമം നടക്കുന്നതായാണ് ആരോപണം ഉയർന്നത്. വയനാട്ടിലെ മഴക്കാടുകളുടെ ഭാഗമായ ഭൂമിയാണ് ഇഎഫ്എൽ നിയമങ്ങൾ പോലും അട്ടിമറിച്ച് അഭിരാമി പ്ളാന്റേഷന് കൈമാറാൻ ഒരുങ്ങുന്നതെന്ന് വിമർശങ്ങൾ ഉണ്ടായിരുന്നു.
ദീർഘകാലത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷം 2000ലാണ് ഈ ഭൂമി സർക്കാർ ഏറ്റെടുത്തതെന്ന് രേഖകളിൽ വ്യക്‌തമായിരുന്നു. പ്രതിഷേധം ശക്‌തമായതോടെ വനം മന്ത്രി നേരിട്ട് മറുപടിയുമായി രംഗത്ത് വരികയായിരുന്നു.
Read Also: ആനക്കയം ജലവൈദ്യുത പദ്ധതി പുനപരിശോധിക്കണം; ശാസ്‌ത്ര സാഹിത്യ പരിഷത്