ഉമ്മൻ ചാണ്ടിക്ക് വിടചൊല്ലി തലസ്‌ഥാനം; കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു

വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടാകും. തുടർന്ന് രാത്രി പത്ത് മണിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ ഉച്ച കഴിഞ്ഞു 3.30ന് ആണ് സംസ്‌കാരം.

By Trainee Reporter, Malabar News
oommen chandi

തിരുവനന്തപുരം: ജനകീയ നായകനെ ഒരുനോക്ക് കൂടി കാണാൻ തടിച്ചു കൂടി ജനസാഗരം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ട് തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള വിലാപയാത്ര ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിലെ പ്രഭാത പ്രാർഥനകൾക്ക് ശേഷമാണ് വിലാപയാത്ര കോട്ടയത്തേക്ക് പുറപ്പെട്ടത്.

പ്രത്യേകം സജ്‌ജീകരിച്ച ബസിൽ രമേശ് ചെന്നിത്തല, വിഡി സതീശൻ, ഷാഫി പറമ്പിൽ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനുഗമിക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ അവസാന യാത്രക്ക് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ആളുകളാണ് റോഡിൽ തടിച്ചുകൂടിയിരിക്കുന്നത്. കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂർ, കൊട്ടാരക്കര, അടൂർ, പന്തളം, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി വഴിയാണ് കോട്ടയത്തെത്തുക.

വിവിധ ജങ്ഷനുകളിൽ സംഘടനകളും ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളും അന്തിമോപചാരം അർപ്പിക്കാൻ ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്. പെരുന്നയിലെ എൻഎസ്എസ് ആസ്‌ഥാനം, ചങ്ങനാശേരി എസ്ബി കോളേജ് എന്നിവയുടെ മുന്നിൽ അന്തിമോപചാരം അർപ്പിക്കാൻ വിലാപയാത്രാ വാഹനം അൽപ്പസമയം നിർത്തും. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദർശനമുണ്ടാകും.

തുടർന്ന് രാത്രി പത്ത് മണിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ ഉച്ച കഴിഞ്ഞു 3.30ന് ആണ് സംസ്‌കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.

എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് കോട്ടയത്ത് ഇന്ന് സ്‌കൂളുകൾക്ക് ജില്ലാ കളക്‌ടർ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ഇന്ന് പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകൾക്ക് ഇന്ന് ഉച്ചകഴിഞ്ഞു അവധിയായായിരിക്കും. ജനസാഗരത്തെ സാക്ഷിയാക്കിയാണ് ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അവസാനമായി യാത്ര തിരിച്ചത്.

ജനനായകന് യാത്രാമൊഴി നൽകുവാൻ ജനസഞ്ചയമാണ് തലസ്‌ഥാനത്തേക്ക് ഒഴുകിയെത്തിയത്. പ്രിയ നേതാവിനെ ഒരുനോക്ക് കാണാൻ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും സെക്രട്ടറിയേറ്റ് ദർബാർ ഹാളിലും ഇന്ദിരാ ഭവനിലും ആൾകൂട്ടം ആർത്തലച്ചെത്തി. ജനസാഗരം സാക്ഷിയാക്കി മുഖ്യമന്തി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്‌ജലി അർപ്പിച്ചു.

Most Read: എൻഡിഎയെ വെല്ലുവിളിച്ച് ‘ഇന്ത്യ’; പ്രതിപക്ഷ സഖ്യത്തിന് പേരായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE