ഫ്രീ ഫയർ വിലക്കി; വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുമെന്ന് 13കാരന്റെ ഭീഷണി

By News Desk, Malabar News
online game addiction
Image Courtesy: istock
Ajwa Travels

വടക്കാഞ്ചേരി: മൊബൈൽ ഫോണിൽ നിന്ന് ഫ്രീ ഫയർ ഗെയിം ഡിലീറ്റ് ചെയ്‌തതിൽ പ്രകോപിതനായി എട്ടാം ക്‌ളാസുകാരൻ. ‘ആരെങ്കിലും അടുത്ത് വന്നാൽ ഞാൻ വീടിന് തീയിടും’; തീപ്പെട്ടി തിരഞ്ഞുകൊണ്ട് പരാക്രമം കാട്ടിയ കുട്ടിയെ കണ്ട് പോലീസ് പോലും സ്‌തബ്‌ധരായി. വിവരം തിരക്കിയപ്പോഴാണ് മകൻ ഓൺലൈൻ ഗെയിമിന് അടിമപ്പെട്ട വിവരം അമ്മ കണ്ണീരോടെ വിശദീകരിക്കുന്നത്. ഒടുവിൽ പോലീസ് സംഘം സംസാരിച്ച് ശാന്തനാക്കി കുട്ടിയെ വീടിന് പുറത്തെത്തിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. പഠനാവശ്യത്തിനും മറ്റുമായി ഒരു മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. കുട്ടി ഇതിൽ ഫ്രീ ഫയർ അടക്കമുള്ള ഓൺലൈൻ ഗെയിമുകൾ ഡൗൺലോഡ് ചെയ്‌ത് രാപകൽ കളി പതിവാക്കി. മുറിയടച്ച് മുഴുവൻ സമയവും ഗെയിം മാത്രമായതോടെ പഠനത്തിൽ നിന്നും കുട്ടി പതിയെ പിൻവാങ്ങി.

ഇതോടെ വീട്ടുകാർ ഇടപെട്ട് കൗൺസിലിങ് അടക്കം നൽകി. എങ്കിലും ഫലമുണ്ടായില്ല. ഊണും ഉറക്കവുമില്ലാതെ ഫ്രീ ഫയർ തുടർന്നതോടെ വീട്ടുകാർ മൊബൈൽ വാങ്ങി ഗെയിം ഡിലീറ്റ് ചെയ്‌തു. പ്രകോപിതനായ കുട്ടി അടുക്കളയിൽ നിന്ന് മണ്ണെണ്ണ എടുത്ത് വീടിനകം മുഴുവൻ ഒഴിച്ച് തീ കൊളുത്താൻ ഒരുങ്ങുകയായിരുന്നു എന്ന് പോലീസ് പറയുന്നു. കുട്ടിയുടെ അമ്മ വിവരമറിയിച്ചതിനെ തുടർന്ന് വടക്കാഞ്ചേരി സ്‌റ്റേഷനിലെ സീനിയർ സിപിഒ കെഎസ്‌ സജിത്ത് മോൻ, ഹോം ഗാർഡ് കെ സന്തോഷ് എന്നിവരാണ് സ്‌ഥലത്ത് എത്തിയത്.

പോലീസ് എത്തിയതോടെ കുട്ടി ശുചിമുറിയിൽ കയറി കതകടച്ചു. തുടർന്ന് ഏറെ നേരം സംസാരിച്ചതിന് ശേഷമാണ് പുറത്ത് വരാൻ തയ്യാറായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് കൗൺസിലിംഗിന് വിധേയമാക്കിയ ശേഷമാണ് കുട്ടി സ്വാഭാവിക നിലയിലേക്ക് മടങ്ങിയെത്തിയത്.

പോലീസ് നിർദ്ദേശങ്ങൾ

  • കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് എന്തിനൊക്കെയെന്ന് ശ്രദ്ധിക്കുക.
  • ഓൺലൈൻ ഗെയിമിങ്ങിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് കുട്ടികളെ പറഞ്ഞ് മനസിലാക്കി ഘട്ടം ഘട്ടമായി പിന്തിരിപ്പിക്കുക.
  • കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് സമയ- സ്‌ഥല നിയന്ത്രണം പ്രായോഗികമെങ്കിൽ ഏർപ്പെടുത്തുക.
  • കുട്ടികളുടെ ശ്രദ്ധ കലാ- കായിക മേഖലകളിലേക്ക് തിരിച്ചുവിടുക.
  • കുട്ടികളെ അനാവശ്യമായി കുറ്റപ്പെടുത്തുന്നത് ഒഴിവാക്കി അവരെ ചേർത്തുനിർത്തുക.
  • മൊബൈൽ അഡിക്ഷൻ ഉണ്ടെന്ന് മനസിലായാൽ കുട്ടികളെ കൗൺസിലിങ്ങിന് വിധേയരാക്കുക.

Most Read: വാച്ചർ രാജനായുള്ള തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും; അന്വേഷണം തമിഴ്‌നാട്ടിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE