കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നടനും കേസിലെ പ്രതിയുമായ ദിലീപ് സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം.
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തിലെ പാളിച്ചകൾ മറച്ചുവെക്കാൻ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്‌ഥരുടെ അനുമതി ഉണ്ടായിരുന്നില്ല. കൂടാതെ വധഗൂഢാലോചന കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ കോടതി ഹരജി പരിഗണിച്ചപ്പോൾ കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആക്രമിക്കപ്പെട്ട നടി ആവശ്യപ്പെട്ടിരുന്നു. ഹരജിയെ എതിർത്ത് കൊണ്ട് നടി ഇന്ന് കക്ഷി ചേരൽ അപേക്ഷ സമർപ്പിച്ചേക്കും.
അതേസമയം, അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. എഫ്‌ഐആർ കെട്ടിച്ചമച്ചതാണെന്നും, തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നുമാണ് ഹരജിയിൽ വ്യക്‌തമാക്കുന്നത്.
ഗൂഢാലോചന കേസിൽ ഇതിനോടകം തന്നെ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഗൂഢാലോചനക്ക് തെളിവില്ലെന്നും, പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്‌തമാക്കിയ കോടതി പ്രോസിക്യൂഷന്റെ വാദങ്ങൾ പലതും തള്ളുകയും ചെയ്‌തു. ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ദാക്കണമെന്ന ആവശ്യവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.
കൂടാതെ നടിയെ ആക്രമിച്ച കേസിലെ വിചാരണ അട്ടിമറിക്കാൻ വേണ്ടിയാണ് ഗൂഢാലോചന കേസുമായി അന്വേഷണ സംഘം മുന്നോട്ട് പോകുന്നതെന്നും ദിലീപ് ആരോപണം ഉന്നയിച്ചു. ഹരജിയിൽ ഹൈക്കോടതി സർക്കാർ നിലപാട് തേടിയിട്ടുണ്ട്. ഹരജി രണ്ടാഴ്‌ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
Most Read: സിഎഎ വിരുദ്ധ പ്രക്ഷോഭകരിൽ നിന്ന് ഈടാക്കിയ പിഴ തിരികെ നൽകും; യുപി സർക്കാർ