മുംബൈ: യുഎസിലെ ഡാളസ് ആസ്‌ഥാനമായുള്ള 7-ഇലവൻ ഇന്റർനാഷണൽ കമ്പനി റിലയൻസ് റീട്ടെയിലുമായി ഇന്ത്യയിൽ കൺവീനിയൻസ് സ്‌റ്റോറുകൾ (വിവിധ ഭക്ഷണ, പാനീയങ്ങൾ, മറ്റ് ഉൽപന്നങ്ങൾ) ആരംഭിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു. ഫ്യൂച്ചർ ഗ്രൂപ്പ് ഈ യുഎസ് ശൃംഖലയുമായുള്ള കരാർ അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് റിലയൻസ് 7–ഇലവനെ രാജ്യത്തിന് പരിചയപ്പെടുത്താൻ ഒരുങ്ങുന്നത്.
ഇവരുടെ കീഴിലുള്ള ആദ്യത്തെ 7-ഇലവൻ സ്‌റ്റോർ ശനിയാഴ്‌ച മുംബൈയിലെ അന്ധേരിയിൽ തുറക്കുമെന്ന് റിലയൻസ് റീട്ടെയിൽ പുറത്തുവിട്ട പ്രസ്‌താവനയിൽ അറിയിച്ചു. ഗ്രേറ്റർ മുംബൈയിലെ മറ്റ് വാണിജ്യ മേഖലകളിലും, മറ്റിടങ്ങളിലും കൂടുതൽ സ്‌റ്റോറുകൾ ആരംഭിക്കാനാണ് റിലയൻസിന്റെ തീരുമാനം.
രാജ്യാന്തര തലത്തിൽ ഏറ്റവും വിശ്വാസ്യതയുള്ള 7-ഇലവൻ പോലെയൊരു കമ്പനിയെ ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് ഡയറക്‌ടർ ഇഷ അംബാനി വ്യക്‌തമാക്കി.
ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവുമ വലിയ വിപണികളിൽ ഒന്നാണെന്നും, ഇവിടെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞത് മികച്ച നേട്ടമാണെന്നും 7-ഇലവൻ സിഇഒ ജോ ഡെപിന്റോ അറിയിച്ചു. 25ൽ അധികം രാജ്യങ്ങളിൽ വ്യാപാരം നടത്തുന്ന ആഗോള തലത്തിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലകളിൽ ഒന്നാണ് 7-ഇലവൻ. ഇന്ത്യയിലെ അവരുടെ ആദ്യത്തെ സംരംഭമാണ് റിലയൻസുമായി ചേർന്ന് ആരംഭിക്കാൻ പോവുന്നത്.
Read Also: ഇന്ത്യയിൽ വിദേശ ടൂറിസ്‌റ്റുകൾക്ക് അനുമതി