മ്യൂണിക്ക്: ജർമൻ കപ്പിൽ കരുത്തരായ ബയേൺ മ്യൂണിക്കിന് പടുകൂറ്റൻ ജയം. മടക്കമില്ലാത്ത 12 ഗോളുകൾക്കാണ് ബ്രെമർ എസ്‌വിയെ ബയേൺ നാണം കെടുത്തിയത്. രണ്ടാം നിര ടീമുമായി ഇറങ്ങിയാണ് ജർമൻ ടീം ഇത്തരമൊരു ജയം സ്വന്തമാക്കിയത്. ഇത് ബയേണിന്റെ ബെഞ്ച് സ്ട്രെങ്ത് വിളിച്ചറിയിക്കുന്നതാണ്.
76ആം മിനിട്ടിൽ പ്രതിരോധ താരം ചുവപ്പുകാർഡ് കണ്ട് മടങ്ങിയതോടെ അവസാന 14 മിനിട്ട് 10 പേരുമായാണ് ബ്രെമർ പൂർത്തിയാക്കിയത്. 7 മാറ്റങ്ങളുമായാണ് ബയേൺ ഇന്നലെ ഇറങ്ങിയത്. അവസാന മൽസരത്തിലെ ടീമിൽ നിന്ന് ജോഷ്വ കിമ്മിച്ച്, തോമസ് മുള്ളർ, നിക്ളാസ് സൂൾ, ലിറോയ് സാനെ എന്നിവർ മാത്രമേ ആദ്യ ഇലവനിൽ ഉൾപ്പെട്ടിരുന്നുള്ളൂ.
കാമറൂൺ താരം ചൗപോ മോട്ടിങാണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. നാല് ഗോളുകളും മൂന്ന് അസിസ്‌റ്റുകളുമായി ചൗപോ കളിയിലെ താരമായി. 8, 28, 35, 82 മിനുട്ടുകളിൽ ആയിരുന്നു ചൗപോയുടെ ഗോളുകൾ. ജർമൻ കൗമാര താരം ജമാൽ മുസിയാല ഇരട്ട ഗോളുകൾ നേടിയപ്പോൾ മാലിക് ടിൽമൻ, ലിറോയ് സാനെ, മൈക്കൽ കുയ്‌സൻസ്, ബൗന സാർ, കോറന്റീൻ ടൊലീസൊ എന്നിവരും ബയേണിനായി വലകുലുക്കി.
Read Also: ജിയോ ഒടിടിവഴി ‘പിടികിട്ടാപ്പുള്ളി’; ഒഫീഷ്യൽ ടീസർ റിലീസായി