കോഴിക്കോട്: വ്യാപാരിയെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തിരച്ചിൽ ശക്‌തമാക്കി പോലീസ്. ഇന്നലെ രാത്രിയാണ് ബംഗാൾ സ്വദേശിയായ സ്‌ഥാപന ഉടമയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് കവർച്ച നടത്തിയത്. നഗരത്തിലെ ജ്വല്ലറിയിലേക്ക് വേണ്ടി ഉരുക്കുശാലയില്‍ തയാറാക്കിയ സ്വർണക്കട്ടികളാണ് വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ സംഘം കവർന്നത്.
നഗരത്തിലെ സ്വർണം ഉരുക്കുന്ന കടയുടെ ഉടമയായ ബംഗാൾ സ്വദേശി റംസാന്‍ അലിയെയാണ് നാല് ബൈക്കുകളിലായെത്തിയ എട്ടംഗ സംഘം ആക്രമിച്ചത്. നഗരത്തിലെ തളി ക്ഷേത്രത്തിന് സമീപത്ത് വച്ച് ഇന്നലെ രാത്രി 10 മണിയോടെയാണ് മോഷണം നടന്നത്. റംസാൻ അലിയെ ചവിട്ടി വീഴ്‌ത്തിയ കവർച്ച സംഘം പോക്കറ്റിൽ സൂക്ഷിച്ചിരുന്ന 1.2 കിലോ തൂക്കം വരുന്ന സ്വർണക്കട്ടികൾ തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് ഇന്ന് രാവിലെയോടെ പോലീസ് സംഘം സംഭവ സ്‌ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചാണ് അന്വേഷണം നടത്തുന്നത്. സ്വർണവുമായി വ്യാപാരി യാത്ര ചെയ്യുന്ന വിവരം നേരത്തെ കൂട്ടി കവർച്ച സംഘത്തിന് ലഭിച്ചിരുന്നുവെന്നാണ് പോലീസ് വ്യക്‌തമാക്കുന്നത്.
Read also: ’96’ ഹിന്ദിയിലേക്ക്; കൂടുതൽ വിവരങ്ങൾ ഉടനെന്ന് നിർമാതാവ്