കേന്ദ്ര അനുമതിയില്ലാതെ സർക്കാർ മുന്നോട്ട്; വമ്പൻ പദ്ധതികളുടെ മറവിൽ കമ്മീഷൻ തട്ടുന്നു; പ്രതിപക്ഷം

By News Desk, Malabar News
Chennithala against semi high speed railway project
Ramesh Chennithala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളെങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നടപ്പാക്കുന്ന സെമി ഹൈസ്‌പീഡ് റെയിൽവേ പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര അനുമതിയും പരിസ്‌ഥിതി അനുമതിയുമില്ലാതെയാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് ചെന്നിത്തല പറയുന്നു.

യുഡിഎഫ് സർക്കാർ മുമ്പ് കൊണ്ടുവന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതി അട്ടിമറിച്ച് സെമി ഹൈസ്‌പീഡ് റെയിൽവേ എന്ന പുതിയ ആശയം മുന്നോട്ട് വെക്കുന്നതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇത് കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോയുടെ നടപടികളും മുമ്പ് യുഡിഎഫ് സർക്കാർ തുടക്കമിട്ടതായിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ അത് വേണ്ടെന്ന് വെച്ചു. പ്രാഥമിക കാര്യങ്ങളൊന്നും ചെയ്യാതെ വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കുന്ന തിരക്കിലാണ് സർക്കാർ. അതിന്റെ മറവിൽ കൺസൾട്ടൻസികളെ കൊണ്ടുവരികയും അതിലൂടെ കമ്മീഷൻ തട്ടുകയും ചെയ്യുന്നത് സർക്കാരിന്റെ സ്‌ഥിരം ശൈലിയായി മാറിക്കൊണ്ടിരിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.

വയനാട് തുരങ്കപാതക്ക് അടുത്തിടെയാണ് മുഖ്യമന്ത്രി തറക്കല്ലിട്ടത്. മലതുറന്നുള്ള പദ്ധതിക്ക് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഇതുവരെ അനുമതി നൽകിയിട്ടില്ല. അതിനുള്ള അപേക്ഷ പോലും സംസ്‌ഥാന സർക്കാർ നൽകിയിട്ടില്ല. സാങ്കേതിക പഠനവും പ്രോജക്‌ട് റിപ്പോർട്ടുമില്ലാതെയാണ് മുഖ്യമന്ത്രിയുടെ കല്ലിടൽ. കൺസൾട്ടൻസി കമ്മീഷൻ തന്നെയാണ് ഇതിന്റെ ലക്ഷ്യം. സെമി ഹൈസ്‌പീഡ് റെയിൽവേ പദ്ധതിയും ഇതുപോലെ കോടികൾ തട്ടാനുള്ള ഒരു ഉപാധി മാത്രമാണ് ഇതിന് പിന്നിലുള്ളതെന്നും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

64941 കോടിയാണ് പദ്ധതിയുടെ ചെലവ്. ഇതിന്റെ 28 ശതമാനം സംസ്‌ഥാന സർക്കാരും 20 ശതമാനം കേന്ദ്രസർക്കാരും നൽകണം. ബാക്കി 52 ശതമാനം വിദേശ ഏജൻസികളിൽ നിന്ന് സമാഹരിക്കണമെന്നാണ് പറയുന്നത്. എന്നാൽ, ഈ പദ്ധതി പരിശോധിച്ച കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്ക്രീനിങ് കമ്മിറ്റി സെപ്റ്റംബറിൽ ഇത് തള്ളിയതാണ്. കേന്ദ്രം ഉപേക്ഷിച്ച പദ്ധതിയുമായി സർക്കാർ എങ്ങനെ മുന്നോട്ട് പോകുമെന്ന് വ്യക്‌തമാക്കണം. റെയിൽവേ മന്ത്രാലയത്തിന്റെ അംഗീകാരവും ലഭിച്ചിട്ടില്ല. ഇ ശ്രീധരനെ പദ്ധതിയിൽ എന്തുകൊണ്ട് ഒഴിവാക്കിയെന്നും സർക്കാർ വിശദമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Also Read: ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യ നില ഗുരുതരം; തുടർ ചികിൽസ അനിവാര്യം; കസ്‌റ്റഡി ആവശ്യം തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE