റിയാദ്: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്‌ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി. ഹജ്‌ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ഇന്ന് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന തീര്‍ഥാടകര്‍ അറഫ മൈതാനിയില്‍ സമ്മേളിക്കുന്നതിനായി പുലര്‍ച്ചെ മുതല്‍ തന്നെ മിനായിലെ തമ്പുകളില്‍ നിന്ന് പുറപ്പെട്ട് അറഫയില്‍ എത്തി.
ഹജ്‌ജിനെത്തുന്ന എല്ലാ തീര്‍ഥാടകരും ഒരേസമയം അനുഷ്‌ഠിക്കുന്ന കര്‍മമാണ് അറഫാ സംഗമം. മിനായില്‍ നിന്നും ഏതാണ്ട് 15 കിലോമീറ്റര്‍ ദൂരമുള്ള അറഫയിലേക്ക് മെട്രോയിലും ബസുകളിലുമാണ് തീര്‍ഥാടകര്‍ യാത്ര ചെയ്യുന്നത്.
ഇന്ത്യന്‍ ഹജ്‌ജ് കമ്മിറ്റി വഴിയുള്ള എല്ലാ തീര്‍ഥാടകര്‍ക്കും മശായിര്‍ മെട്രോ സൗകര്യം ഉപയോഗിക്കാമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചിട്ടുണ്ട്.
അറഫയില്‍ ഇന്ന് ഉച്ച മുതല്‍ വൈകുന്നേരം വരെ തീര്‍ഥാടകര്‍ ആരാധനാ കര്‍മങ്ങളില്‍ പങ്കെടുക്കും. പ്രവാചകന്റെ വിടവാങ്ങല്‍ പ്രസംഗത്തെ അനുസ്‌മരിച്ച് കൊണ്ട് അറഫയിലെ നമീറാ പള്ളിയില്‍ നടക്കുന്ന ഖുതുബയില്‍ ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ സംബന്ധിക്കും. ചരിത്രപ്രസിദ്ധമായ ജബല്‍ റഹ്‌മാ മലയും തീര്‍ഥാടകര്‍ സന്ദര്‍ശിക്കും.
സൂര്യന്‍ അസ്‌തമിക്കുന്നതോടെ അറഫയില്‍ നിന്നും ഹാജിമാര്‍ മുസ്‌ദലിഫയിലേക്ക് നീങ്ങും. നാളെ മിനായില്‍ തിരിച്ചെത്തി ജംറകളില്‍ കല്ലേറ് കര്‍മം ആരംഭിക്കും.
ഇന്ത്യയിൽ നിന്ന് 79,362 തീർഥാടകർക്കാണ് ഇത്തവണ ഹജ്‌ജിന് അവസരം ലഭിച്ചത്. കോവിഡ് മഹാമാരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയധികം തീർഥാടകർക്ക് ഹജ്‌ജിന് അവസരമൊരുങ്ങുന്നത്.
Most Read: സജി ചെറിയാന് എതിരായ പരാതി ഗവർണറുടെ പരിഗണനക്ക് വിട്ട് രാഷ്‌ട്രപതി