സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ വര്‍ധിപ്പിക്കും; രണ്ടാം ഘട്ടം ഫെബ്രുവരി 15ന് ശേഷം

By News Desk, Malabar News
covid Vaccine-icmr
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനും ആക്ഷന്‍ പ്ളാന്‍ തയാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്‌ഥാനത്ത് നിലവിലുള്ള 141 കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ചു 249 എണ്ണം വരെ ആക്കാനും തീരുമാനമായി.

എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കും. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളെങ്കിലും ഉണ്ടാകുമെന്നും മന്ത്രി വ്യക്‌തമാക്കി. ഫെബ്രുവരി 15നകം ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി 15ന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കും. ആദ്യ ഘട്ടം വാക്‌സിന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഫെബ്രുവരി 13നാണ് രണ്ടാം ഘട്ട വാക്‌സിനെടുക്കേണ്ട സമയമാകുന്നത്.

തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്‌ചയില്‍ 4 ദിവസമാണ് ഇപ്പോള്‍ വാക്‌സിനേഷൻ നൽകുന്നത്. എന്നാല്‍ വാക്‌സിനേഷന്‍ കൂട്ടാനായി ജില്ലയുടെ സൗകര്യമനുസരിച്ച് വാക്‌സിനേഷന്‍ ദിനങ്ങളില്‍ മാറ്റം വരുത്താം. അതേസമയം ഒരു കാരണവശാലും കുട്ടികളുടെ വാക്‌സിനേഷന്‍ മുടങ്ങാന്‍ പാടില്ല.

കുട്ടികളുടെ വാക്‌സിനേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്കും പകരം സംവിധാനമുള്ള ആശുപത്രികള്‍ക്കും ബുധനാഴ്‌ചയും വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. ജില്ലാ ടാക്‌സ് ഫോഴ്‌സ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്.

നിശ്‌ചയിച്ച സമയത്ത് വാക്‌സിനെടുക്കാന്‍ പറ്റാത്ത സാഹചര്യം ഒഴിവാക്കാൻ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് 48 മണിക്കൂര്‍ മുമ്പ് അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ അന്നേ ദിവസം എത്തിച്ചേരാന്‍ കഴിയാത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പകരം രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കി ആ വിടവ് നികത്താനും അതത് കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആരോഗ്യ പ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ കഴിഞ്ഞാല്‍ അടുത്ത വാക്‌സിനേഷന്‍ നല്‍കുന്നത് കോവിഡ് മുന്നണി പോരാളികള്‍ക്കാണ്. സംസ്‌ഥാനത്താകെ ആരോഗ്യ പ്രവര്‍ത്തകരും കോവിഡ് മുന്നണി പോരാളികളും ഉള്‍പ്പെടെ ആകെ 4,87,306 പേരാണ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,86,017 പേരും സ്വകാര്യ മേഖലയിലെ 2,07,328 പേരും ഉള്‍പ്പെടെ 3,93,345 ആരോഗ്യ പ്രവര്‍ത്തകരാണ് രജിസ്‌റ്റര്‍ ചെയ്‌തത്.

ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവര്‍ത്തകരും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. ഇപ്പോള്‍ കോവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,572 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുന്‍സിപ്പല്‍ വര്‍ക്കര്‍മാരും, 8,824 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

Entertainment News: ‘ബച്ചൻ പാണ്ഡേ’ ജനുവരി 26ന് തീയേറ്ററിൽ; പ്രതീക്ഷയോടെ ബോളിവുഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE