മലപ്പുറം: നിപക്ക് പിന്നാലെ എം പോക്‌സ് കൂടി സ്‌ഥിരീകരിച്ചതോടെ മലപ്പുറത്ത് ആരോഗ്യവകുപ്പ് നിയന്ത്രണം കർശനമാക്കി. വിദേശത്ത് നിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കുകയാണ്. വിമാനത്താവളം മുതലുള്ള ഇയാളുടെ റൂട്ട് മാപ്പും ഉടൻ പുറത്തുവിടും.
സമ്പർക്കമുള്ളവരിൽ രോഗലക്ഷണം ഉള്ളവരുടെ സ്രവം ഉടൻ തന്നെ പരിശോധിക്കും. എംപോക്‌സ് രോഗബാധിതനായ 38-കാരൻ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസയിൽ തുടരുകയാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. രോഗലക്ഷണങ്ങളോടെ യുവാവിനെ കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
തിങ്കളാഴ്‌ച രാവിലെയാണ് യുവാവ് ആശുപത്രിയിലെ ത്വക്ക് രോഗ വിഭാഗം ഒപിയിൽ ചികിൽസ തേടിയത്. പനിയും തൊലിപ്പുറത്ത് ചിക്കൻ പോക്‌സിന് സമാനമായ തടിപ്പുകളും കണ്ടതിനെ തുടർന്ന് വിദഗ്‌ധ ചികിൽസയ്‌ക്ക് വിധേയമാക്കുകയായിരുന്നു.
അതിനിടെ, മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പത്ത് പേരുടെ പരിശോധനാ ഫലങ്ങൾ കൂടി നെഗറ്റീവ് ആയി. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയിൽ നിന്ന മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിൽസിച്ച ഡോക്‌ടറും ഉൾപ്പടെ ഉള്ളവരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയി.
Most Read| ഹേമ കമ്മിറ്റി റിപ്പോർട്; 20ലധികം മൊഴികൾ ഗൗരവകരം- നിയമനടപടിക്ക് സാധ്യത