ആദിവാസി മേഖലയിലെ ആരോഗ്യ വികസനം; വിദഗ്‌ധ പരിശീലനത്തിന് തുടക്കമായി

By News Desk, Malabar News
Representational Image

തിരുവനന്തപുരം: ആദിവാസി മേഖലകളിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്‌ധ പരിശീലനം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദിവാസി മേഖലകളിലെ എല്ലാ ഉപകേന്ദ്രങ്ങളുടേയും ശാക്‌തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അവരവരുടെ മേഖലയില്‍ കണ്ടുവരുന്ന തനതായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂട്ടായ്‌മയിലൂടെ പരിഹരിക്കാനുള്ള നൈപുണ്യ വികസനമാണ് ഈ പരിശീലനത്തിലൂടെ ലക്ഷ്യമിടുന്നത്.

ആദിവാസി മേഖലയിലെ ഒരു ഉപകേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ജീവനക്കാരേയും ഉള്‍ക്കൊള്ളിച്ച് കൊണ്ടാണ് പരിശീലനം നല്‍കുക. ആരോഗ്യ ഉപകേന്ദ്രത്തിന്റെ പ്രധാന പ്രവര്‍ത്തകരായ ജെപിഎച്ച്‌ഐ, ജെപിഎച്ച്‌എന്‍, എംഎല്‍എസ്‌പി, ആശാവര്‍ക്കര്‍മാര്‍, ട്രൈബല്‍ പ്രമോട്ടർമാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയ എല്ലാവരേയും ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുകയെന്നും മന്ത്രി വ്യക്‌തമാക്കി.

ഇതിന്റെ ആദ്യഘട്ടമായി പാലക്കാട് അട്ടപ്പാടി മേഖലയിലെ പരിശീലന പരിപാടി ആരംഭിച്ചു. അട്ടപ്പാടി ബ്‌ളോക്കിലെ 28 ഉപകേന്ദ്രങ്ങളുടെ ശാക്‌തീകരണത്തിന് ഉതകുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 28 സബ് സെന്ററുകളിലായി 450ഓളം ജീവനക്കാരേയും ജനപ്രതിനിധികളേയും പരിശീലിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ 220 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. സംസ്‌ഥാനത്തൊട്ടാകെയുള്ള വിദഗ്‌ധ പരിശീലകരാണ് ഇവര്‍ക്ക് പരിശീലനം നല്‍കുന്നത്.

സംസ്‌ഥാനത്ത് ആദിവാസി മേഖലയില്‍ മികച്ച ചികിൽസാ സൗകര്യങ്ങൾ ഒരുക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കേരളത്തിലെ ഏക ട്രൈബല്‍ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി, ചട്ടമൂന്നാര്‍ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 8 വീതം സ്‌ഥിരം തസ്‌തികകൾ അനുവദിക്കുകയും ഒഴിവുകള്‍ പിഎസ്‌സിയ്‌ക്ക് അടിയന്തരമായി റിപ്പോർട് ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്‌തു.

അട്ടപ്പാടിയില്‍ മന്ത്രി നേരിട്ട് സന്ദര്‍ശനം നടത്തി അട്ടപ്പാടിക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്‌ളാൻ തയ്യാറാക്കി. ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മാതൃശിശു മരണങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടിയും പോഷകാഹാര കുറവ് പരിഹരിക്കുന്നതിന് വേണ്ടിയും സമൂഹത്തിന്റെ ഇടപെടല്‍ കൂടുതലായി കൊണ്ടുവരുന്നതിന് വേണ്ടി അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, ആശാപ്രവര്‍ത്തകര്‍, അഭ്യസ്‌ഥവിദ്യരായ സ്‌ത്രീകള്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് 175 അങ്കണവാടികളുമായി ബന്ധപ്പെട്ട് ‘പെന്‍ട്രിക കൂട്ട’ എന്ന പേരില്‍ ഓരോ അങ്കണവാടികളുടേയും കീഴില്‍ സ്‌ത്രീകളുടെ കൂട്ടായ്‌മ ഉണ്ടാക്കി. അട്ടപ്പാടി മേഖലയിലെ 28 സബ് സെന്ററുകളും ഹെല്‍ത്ത് ആൻഡ് വെല്‍നസ് സെന്ററുകളാക്കി മാറ്റാന്‍ നടപടികള്‍ കൈക്കൊണ്ട് വരികയാണ്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിന് വേണ്ടി വിവിധ പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടെന്നും മന്ത്രി വ്യക്‌തമാക്കി.

Most Read: കോവിഡ് ഇളവ് അവസാനിച്ചു; സംസ്‌ഥാനത്തെ ജയിലുകളിൽ തിരികെ എത്താതെ 34 തടവുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE